തിരുവനന്തപുരം: പി വി അൻവറിന്റെ ആരോപണങ്ങൾ സിപിഐഎം ചർച്ച ചെയ്തുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാതി ലഭിച്ചയുടൻ സുജിത് ദാസിനെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഭരണ തലത്തിൽ പരിശോധന നടത്താനായി സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തെറ്റായ സമീപനം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധിയായ പാർട്ടിയിലെ പാർലമെന്ററി അംഗമായിട്ട് നിൽക്കുന്നയാൾ ഇങ്ങനെയാണോ പ്രശ്നങ്ങൾ ഉന്നയിക്കേണ്ടത് എന്ന ചോദ്യം ശരിയാണ്. എന്നാൽ അങ്ങനെ അല്ല. പാർട്ടി അംഗമോ പാർട്ടി നേതൃത്വത്തിന്റെ ഭാഗമായിട്ടോ അൻവർ അല്ല എന്നതുകൊണ്ട് സംഘടനാപരമായ കാര്യങ്ങൾ അൻവറിനെ പഠിപ്പിക്കാൻ സാധിക്കില്ല. യഥാർത്ഥത്തിൽ, പരസ്യമായി പറയുക അല്ല വേണ്ടത് എന്നത് സത്യമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ പി.വി. അൻവർ പരാതി നൽകിയിട്ടില്ല. എഴുതി നൽകിയിട്ടുള്ള പരാതികളിലൊന്നും പി ശശിയെ സംബന്ധിച്ച കാര്യങ്ങളില്ല. ടി.വിയിൽ പറയുന്നതല്ലാതെ ഇന്നയിന്ന കാര്യങ്ങളാണ് എന്ന രീതിയിൽ പാർട്ടിയോട് ശശിയെ പറ്റി പറഞ്ഞിട്ടില്ല. അതുകൊണ്ട് പി. ശശിക്കെതിരേ എന്തെങ്കിലും കാര്യങ്ങളിലേക്ക് പാർട്ടി കടക്കേണ്ടതില്ല. പാർട്ടി തലത്തിൽ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. അൻവറിന്റെ മാധ്യമത്തിൽ വന്ന വാർത്ത വെച്ചാണ് യൂത്ത് കോൺഗ്രസും കോൺഗ്രസും സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുന്ന സിപിഐഎം രീതി കോൺഗ്രസിലില്ല. സിമി റോസ്ബെല്ലിനെ കോൺഗ്രസ് പുറത്താക്കിയത് എന്ത് ചർച്ചയുടെ അടിസ്ഥാനത്തിലാണ്? അത് മാധ്യമങ്ങൾ ചർച്ചയാക്കിയില്ല. സ്ത്രീകൾക്കെതിരെ ഈ നിലപാട് സ്വീകരിക്കുന്നവരാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പേരിൽ തെരുവിലിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഏത് പ്രശ്നം ഉയർന്നാലും മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ അതിനെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് കേരളത്തിന് രാജ്യത്തിൻ്റെ പല ഭാഗത്തും അംഗീകാരം ലഭിക്കുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സമാന ആവശ്യം ഉയർന്നിട്ടുണ്ട്. തൃശൂർ പൂരം സംബന്ധിച്ച പറയുന്നത് തികച്ചും അവാസ്തവുമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിൽ ബി.ജെ.പിയുമായി സി.പി.എം., എ.ഡി.ജി.പിയുമായി ലിങ്ക് ഉണ്ടാക്കി എന്നത് തികച്ചും അസംബന്ധമായ റിപ്പോർട്ടാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഏതെങ്കിലും ഡി.ജി.പിയെയോ എ.ഡി.ജി.പിയോ അടിസ്ഥാനപ്പെടുത്തി സി.പി.എമ്മിന് ആർ.എസ്.എസുമായോ ബി.ജെ.പിയുമായോ ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല. നിരവധി സന്ദർഭങ്ങളിൽ കേരളത്തിൽ സി.പി.എമ്മിനെ തകർക്കാൻ അജണ്ട വെച്ച അഖിലേന്ത്യാ നേതൃത്വമാണ് ആര്.എസ്.എസിനും ബി.ജെ.പിക്കുമുള്ളതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
തൃശ്ശൂർപൂരവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ എ.ഡി.ജി.പി.ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.