തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎ പരസ്യമായി ആരോപണം ഉന്നയിച്ചത് ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എതിരെ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും യോഗം വിലയിരുത്തി.
അതേസമയം അൻവറിന്റെ പരാതി പാർട്ടി പരിശോധിക്കും. എന്നാൽ പ്രത്യേക അന്വേഷണ കമ്മിഷൻ ഉണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അൻവർ ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേയാണ് പി.വി. അൻവറിന്റെ ഗുരുതര ആരോപണം. അതുകൊണ്ട് തന്നെ അതീവ ഗൗരവത്തോടെയാണ് പാർട്ടി അൻവറിന്റെ പരാതിയെ നോക്കിക്കാണുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയ്ക്ക് വന്നുവെങ്കിലും, പി.വി. അൻവർ ഉന്നയിച്ച ആരോപണം അന്വേഷിക്കാൻ പാർട്ടിയിൽ പ്രത്യേക അന്വേഷണ കമ്മിഷൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തമല്ല.
പാർലമെന്ററി പാർട്ടി അംഗമെന്ന മാന്യത അൻവർ കാണിക്കണമായിരുന്നുവെന്നും യോഗത്തിൽ വിമർശനമുണ്ടായി. അൻവറിനെ ന്യായീകരിക്കേണ്ട കാര്യമില്ല. പറഞ്ഞ കാര്യങ്ങളിൽ വസ്തുത ഉണ്ടെങ്കിൽ നടപടിയുണ്ടാകും. ഒരു മാസത്തെ കാലയളവിൽ അന്വേഷണം നടക്കട്ടെ. നടപടി എടുക്കുന്നത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. സുജിത് ദാസിനെ മാറ്റിയത് പരാതിയിൽ മെറിറ്റ് ഉണ്ടെന്ന് തോന്നിയതിനാലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബാക്കി കാര്യങ്ങളിൽ അന്വേഷണം നടക്കട്ടെ എന്നും പിണറായി വിജയൻ പാർട്ടി യോഗത്തിൽ പറഞ്ഞു.