Kerala

ഹയര്‍സെക്കന്‍ഡറിയില്‍ മലയാളം പഠിപ്പിക്കാന്‍ രജനീകാന്തിന്റെ സിനിമയും അറിയണം!; ചര്‍ച്ചയായി പിഎസ്‌സി ചോദ്യം

ചോദ്യപേപ്പറിലെ 55-ാമത്തെ ചോദ്യമായിരുന്നു ഇത്

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം പഠിപ്പിക്കാനുള്ള അധ്യാപകരാകാന്‍ പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ഥികളോട് പിഎസ്‌സി ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ ബാഷയുടെ സംവിധായകന്‍ ആര്? എന്നായിരുന്നു പിഎസ്‌സിയുടെ ചോദ്യം. ചോദ്യപേപ്പറിലെ 55-ാമത്തെ ചോദ്യമായിരുന്നു ഇത്.

ചോദ്യപേപ്പറിലെ 56-ാമത്തെ ചോദ്യവും ഉദ്യോഗാര്‍ഥികളെ ഒന്ന് അമ്പരപ്പിച്ചു. ഏറ്റവും കൂടുതല്‍ കാലം ഒരേ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ഭാഷാ സിനിമയേത് എന്നതായിരുന്നു 56-ാം ചോദ്യം. 2972 പേര്‍ക്കാണ് എച്ച്എസ്എസി ജൂനിയര്‍ മലയാളം പരീക്ഷ എഴുതാന്‍ കണ്‍ഫര്‍മേഷന്‍ ലഭിച്ചിരുന്നത്. സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങളായതിനാല്‍ പരീക്ഷ തന്നെ റദ്ദാക്കണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ഉന്നയിക്കുന്ന ആവശ്യം.

എന്നാല്‍ ദൃശ്യകലാസാഹിത്യം എന്ന പേരില്‍ സിനിമയും പിഎസ്‌സി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ ആവിര്‍ഭാവം, ചരിത്രം, തിരക്കഥയും സിനിമയും ഇന്ത്യന്‍ സിനിമയുടെ ചരിത്രം, നവ ഇന്ത്യന്‍ സിനിമ, ജനപ്രിയ സിനിമ, പുതുതലമുറ സിനിമ എന്നിവയും സിലബസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.