ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക കേന്ദ്ര മന്ത്രി അമിത് ഷാ പുറത്തിറക്കി. മേഖലയിൽ വികസനവും സുരക്ഷയും സാമ്പത്തിക വളർച്ചയും ത്വരിതപ്പെടുത്താനുള്ള ബിജെപിയുടെ പദ്ധതികൾ ഉൾപ്പെടുത്തിയതാണ് പ്രകടന പത്രിക. തീവ്രവാദത്തിന്റെ കേന്ദ്രമെന്നത് മാറ്റി കശ്മീരിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നത് ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ പത്രികയിലുണ്ട്.
ജമ്മുകശ്മീരിന്റെ 370-ാം വകുപ്പ് കഴിഞ്ഞുപോയ സംഭവമാണെന്നും ഇനിയൊരിക്കലും അത് തിരിച്ചുകൊണ്ടു വരില്ലെന്നും അതിന് സമ്മതിക്കില്ല. ഇപ്പോൾ അത് ഭരണഘടനയുടെ ഭാഗമല്ല. യുവാക്കളുടെ കൈയിൽ ആയുധങ്ങളും കല്ലുകളും നൽകിയത് 370-ാം വകുപ്പ് ആണ്. യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിട്ട വിട്ട വിഘടന വാദത്തിന്റെ ആത്മാവാണത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് മോദി സർക്കാറിന്റെപ്രധാന ഭരണനേട്ടമായും അമിത് ഷാ വിശേഷിപ്പിച്ചു.
ജമ്മുകശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് അങ്ങനെ തന്നെ നിലനിൽക്കുമെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്. തീവ്രവാദത്തിനും വിഘടനവാദത്തിനും എതിരെയാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2014 വരെ ജമ്മുകശ്മീർ വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും നിഴലിൽ തുടർന്നു. മറ്റ് സംസ്ഥാനങ്ങളും ജമ്മുകശ്മീരിനെ അസ്ഥിരമാക്കി. എന്നാൽ 2014നു ശേഷമുള്ള വർഷങ്ങളിൽ ജമ്മുകശ്മീരിന്റെ ചരിത്രം എഴുതപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു.
പിഎം കിസാൻ സമ്മാൻ നിധിയിൽ കർഷകർക്ക് 10,000 രൂപയുടെ സാമ്പത്തിക സഹായം കാർഷിക പ്രവർത്തനങ്ങൾക്കുള്ള വൈദ്യുതി നിരക്കിൽ 50 ശതമാനം ഇളവ്, യുവാക്കൾക്കായി അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ, നീതിപൂർവകമായ നിയമന സംവിധാനം എന്നിവ ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. ഓരോ വിദ്യാർത്ഥിക്കും ‘പ്രഗതി ശിക്ഷാ യോജന’ പ്രകാരം 3000 രൂപയുടെ യാത്രാ ആനുകൂല്യം നൽകും. മെഡിക്കൽ കോളേജുകളിൽ ആയിരം പുതിയ സീറ്റുകൾ തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.
‘മാ സമ്മാൻ യോജന’ പദ്ധതി പ്രകാരം എല്ലാ വീടുകളിലെയും മുതിർന്ന സ്ത്രീയ്ക്ക് വർഷം 18,000 രൂപയുടെ സഹായം, ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് എല്ലാ വർഷവും രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, ഭൂരഹിതർക്ക് അടൽ ഭവന പദ്ധതി പ്രകാരം വീടുവെയ്ക്കാൻ ഭൂമി സൗജന്യമായി നൽകും എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾക്ക് പുറമെ വയോജന, വിധവ, വികലാംഗ പെൻഷനുകൾ മൂന്നിരട്ടിയായി വർദ്ധിപ്പിക്കും എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളുമുണ്ട്.
ലോക്സഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത അതികാരത്തിൽ തുടരുന്ന ബിജെപിക്ക് ജമ്മു കാശ്മീരിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. ജമ്മു -കശ്‌മീരിൽ 2018 ജൂൺവരെ പിഡിപിക്കൊപ്പം ബിജെപി ഭരണത്തിലായിരുന്നു. തുടർന്ന് കേന്ദ്രഭരണത്തിലൂടെ ബിജെപി തന്നെയാണ് ജമ്മു കശ്‌മീരിനെ നിയന്ത്രിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഹരിയാനയും ജമ്മു കശ്‌മീരുംകൂടി കൈവിടുന്ന സ്ഥിതിയുണ്ടായാൽ ദേശീയ രാഷ്ട്രീയത്തിൽ ബിജെപി കൂടുതൽ ദുർബലമാകും.
അതേസമയം, കഴിഞ്ഞ ദിവസം കോൺഗ്രസ് താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടിരുന്നു. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കൂടാതെ കെ.സി. വേണുഗോപാൽ, അജയ് മാക്കൻ, അംബിക സോണി, ഭരത് സിങ് സോളങ്കി, താരിഖ് അഹമ്മദ്, സുഖ് വീന്ദർ സിങ് സുഖു, ജയ്റാം രമേശ്, ഗുലാം അഹമ്മദ് മിർ തുടങ്ങിയവരും പട്ടികയിൽ ഉണ്ട്.
ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ്.