ഉയരമുള്ള പര്‍വ്വതങ്ങളില്‍ നിന്നും മലകളില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ ഒരുപാട് ഉണ്ട്. എന്നാല്‍ ഭൂമിക്കടിയിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ കണ്ടിട്ടുണ്ടോ? ലോകത്തില്‍ അത്തരത്തിലുള്ള ഏറ്റവും വലിയ വെള്ളച്ചാട്ടം ഉള്ളത് ഇംഗ്ലണ്ടിലാണ്, ‘ഗാപിങ് ഗില്‍’ എന്നാണ് ഈ വെള്ളച്ചാട്ടത്തിന്‍റെ പേര്. ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷെയറിലെ ഒരു പ്രകൃതിദത്ത ഗുഹയാണ് ഗ്യാപ്പിംഗ് ഗിൽ. യോർക്ക്ഷയർ ഡെയ്ൽസ് ദേശീയോദ്യാനത്തിലെ ഇംഗ്ലെബറോ ഗുഹയുടെ അടിവാരത്തിനടുത്തുള്ള ഫെൽ ബെക്ക് അരുവി, ഈ ഗുഹയ്ക്കുള്ളിലേക്ക് ഒഴുകി വെള്ളച്ചാട്ടം പോലെ പതിക്കുന്നു. ഇങ്ങനെ, 100 മീറ്റർ നേരിട്ട് ഗാപ്പിംഗ് ഗിൽ ചേമ്പറിലേക്ക് തന്നെ വീഴുന്നു.
ഭൂമിയുടെ ഉപരിതലത്തിലേക്ക് സ്വാഭാവികമായി തുറന്നിരിക്കുന്ന ഏറ്റവും വലിയ ഭൂഗര്‍ഭ അറയാണ് ഇത്. തടസ്സമില്ലാതെ, തുടര്‍ച്ചയായി ഭൂമിയുടെ ഉള്ളിലേക്ക് ഒഴുകുന്ന, ഇംഗ്ലണ്ടിലെ ഏറ്റവും വലിയ വെള്ളച്ചാട്ടവും ഇതുതന്നെ.പൊതുജനങ്ങള്‍ക്ക് സാധാരണയായി ഗുഹയ്ക്കുള്ളിലേക്ക് പ്രവേശനം അനുവദിക്കാറില്ല. എന്നാല്‍ ഇത്തരം ഗുഹകള്‍ക്കുള്ളിലേക്ക് യാത്ര ചെയ്ത് പരിചയമുള്ള ആളുകള്‍ക്ക് വര്‍ഷത്തില്‍ രണ്ടു തവണ ഇവിടെ നടക്കുന്ന വിഞ്ച് മീറ്റിന്‍റെ ഭാഗമാവുകയും ഇതിനുള്ളിലേക്ക് സഞ്ചരിക്കുകയും ചെയ്യാം. ഈ സമയത്ത്, 2,000 ത്തോളം ആളുകളെ ഗുഹയിലേക്ക് ഇറക്കിവിടും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് പരിപാടി. ഇത് സൗജന്യമല്ല, ഫീസ് നല്‍കണം.
യുകെയിലെ ഏറ്റവും വലിയ ഗുഹാ ശൃംഖലകളിലൊന്നാണ് ഇംഗ്ലെബറോയുടെ തെക്കൻ ചരിവുകളിലുള്ള ഗേപ്പിംഗ് ഗിൽ. ഇംഗ്ലെബറോ ഗുഹ ഉൾപ്പെടെ, ഏകദേശം 21 കിലോമീറ്റർ നീളവും, 192 മീറ്റർ ആഴവുമാണ് ഗുഹയ്ക്ക് ഉള്ളത്. 1842-ൽ ജോൺ ബിർക്ക്‌ബെക്ക് എന്നയാള്‍ ഏകദേശം 55 മീറ്റർ താഴെവരെ ഇറങ്ങി. പിന്നീട്, 1895 ൽ എഡ്വാർഡ് ആൽഫ്രഡ് മാർട്ടൽ ഇതിന്‍റെ ഏറ്റവും താഴ്ഭാഗം വരെ ഇറങ്ങിച്ചെന്നു. ഗുഹയുടെ ഉള്ളിലേക്ക് കടക്കാന്‍ പല വഴികളുണ്ട്. ഏകദേശം ഇരുപത്തൊന്നു പ്രവേശനകവാടങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. വിവിധ ടണലുകള്‍ വഴി ഇവ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ജിബ് ടണൽ, ഡിസപ്പോയൻ്റ്‌മെൻ്റ് പോട്ട്, സ്ട്രീം പാസേജ് പോട്ട്, ബാർ പോട്ട്, ഹെൻസ്‌ലേഴ്‌സ് പോട്ട്, കോർക്കീസ് പോട്ട്, റാറ്റ് ഹോൾ, ഫ്ലഡ് എൻട്രൻസ് പോട്ട് എന്നിവയാണ് പ്രധാന പ്രവേശന കവാടങ്ങൾ. പൊതുജനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന വിദഗ്ദ്ധരായ ആളുകള്‍ക്ക് താഴേക്കുള്ള സവാരിക്കായി, ബ്രാഡ്‌ഫോർഡ്, ക്രാവൻ എന്നീ പോട്ട്ഹോള്‍ ക്ലബ്ബുകള്‍ സൗകര്യം ഒരുക്കുന്നു.
STORY HIGHLLIGHTS: Explore Gaping Gill: The World’s Largest Underground Waterfall in England