Sports

പാരാലിമ്പിക്‌സ്: ഇന്ത്യയ്ക്ക് ആറാം സ്വർണം, ഹൈജമ്പിൽ ഏഷ്യൻ റെക്കോഡുമായി പ്രവീൺ കുമാർ

പാരീസ്: പാരീസ് പാരാലിമ്പിക്‌സില്‍ ആറാം സ്വര്‍ണവുമായി ഇന്ത്യയുടെ കുതിപ്പ്. പുരുഷന്‍മാരുടെ ഹൈജമ്പ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ് ഇന്ത്യയ്ക്കായി ആറാം സ്വര്‍ണം നേടിയത്. 2.08 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് താരം സ്വര്‍ണമണിഞ്ഞത്. ഏഷ്യന്‍ റെക്കോഡാണിത്.

2021ൽ ടോക്യോ ഒളിമ്പിക്സിൽ 2.07 മീറ്റർ പിന്നിട്ട പ്രവീൺ വെള്ളി മെഡൽ ജേതാവായിരുന്നു. മാരിയപ്പൻ തങ്കവേലുവിന് ശേഷം പാരാലിമ്പിക്സ് ഹൈജമ്പിൽ സ്വർണം നേടുന്ന താരമാണ് നോയിഡ സ്വദേശിയായ പ്രവീൺ കുമാർ.
2.06 മീറ്റർ ചാടിയ യു.എസ് താരം ഡെറക് ലോസ്സിഡെന്‍റ് വെള്ളിയും 2.03 മീറ്റർ പിന്നിട്ട ഉസ്ബെകിസ്താൻ താരം തെമുർബെക് ഗിയോസോവ് വെങ്കലവും സ്വന്തമാക്കി

പാരിസ് പാരാലിമ്പിക്സിൽ ഹൈജമ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണ് പ്രവീൺ നേടിയത്. നേരത്തെ ടി63 വിഭാഗത്തിൽ ഇന്ത്യയുടെ ശരദ് കുമാർ വെള്ളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും നേടിയിരുന്നു.

ഇതോടെ പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 26 ആയി. ആറ് സ്വര്‍ണം, ഒമ്പത് വെള്ളി, 11 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നിലവില്‍ 14-ാം സ്ഥാനത്താണ് ഇന്ത്യ. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.