പാമ്പുകൾക്ക് താമസിക്കാൻ മാത്രമായി ഒരു ദ്വീപുണ്ട്. സംഭവം ഇവിടെയെങ്ങുമല്ല അങ്ങ് ബ്രസീലിലെ ഒരു ഒറ്റപ്പെട്ട ഇടത്താണ്. എണ്ണിയാലൊടുങ്ങാത്ത പാമ്പുകൾ, ആറു അടിയോളം നീളമുള്ളവ മുതൽ വിവിധ തരം അളവ് കൂടിയതും കുറഞ്ഞതുമായ വിഷമുള്ളവർ, അങ്ങനെ അങ്ങനെ പോകുന്നു സ്നേക്ക് ദ്വീപിലെ പാമ്പ് വിശേഷങ്ങൾ. എന്നാൽ ഒന്ന് പോയേക്കാം എന്ന് തോന്നിയിട്ട് കാര്യമില്ല. ബ്രസീലിയൻ സർക്കാർ സ്നേക്ക് ദ്വീപിലേക്കുള്ള യാത്ര ടൂറിസ്റ്റുകൾക്ക് വിലക്കിയിരിക്കുകയാണ്. അവിടെ പോയവരാരും തിരികെ വരാറില്ല എന്നത് തന്നെ കാരണം.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പാമ്പ് ദ്വീപുകളിൽ ഒന്നാണ് ബ്രസീലിലും ഉള്ളതെങ്കിലും ഇവിടുള്ളതിനേക്കാൾ മറ്റൊന്നും ഇത്ര പ്രശസ്തി നേടിയിട്ടില്ല. ലോകത്ത് ഒരിക്കലും പോകാൻ പാടില്ലാത്ത ടൂറിസ്റ്റു ഇടങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശവുമാണിത്. ലോകത്തെ ഏറ്റവും കൂടുതൽ വിഷം വഹിക്കുന്ന ബോത്രോപ്‌സ് എന്ന ഇനത്തിൽ പെട്ട പാമ്പുകൾ ഈ പാമ്പ് ദ്വീപിൽ ധാരാളമായി ഉണ്ടെന്നു ഗവേഷകർ പറയുന്നു.
പണ്ടൊരിക്കൽ ഈ ദ്വീപ് ആൾതാമസമുള്ള മറ്റു പല ദ്വീപുകൾ പോലെയും ആയിരുന്നത്രേ. ഇവിടുത്തെ മനുഷ്യരുടെ പ്രധാന കൃഷി വാഴയായിരുന്നു എന്നതിനും തെളിവുകളുണ്ട്. പക്ഷെ ഇവിടെ താമസിച്ചിരുന്ന ഏറ്റവുമൊടുവിലത്തെ മനുഷ്യനും ഓടി രക്ഷപെട്ടതിന്റെ പിന്നിൽ പാമ്പുകളാണെന്നും അല്ല ഇവിടെ വന്നിറങ്ങിയ കടൽ കൊള്ളക്കാരാണെന്നും കഥകളുണ്ട്. മനുഷ്യർ താമസിച്ചിരുന്നപ്പോൾ നിർമ്മിച്ച ലൈറ്റ് ഹൌസ് ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്നു, അതിനുള്ള ബാറ്ററി മുതലായ കാര്യങ്ങളുമായി ഇപ്പോഴും ഇവിടെ കടന്നു വരാൻ അവകാശം ബ്രസീലിയൻ നേവിക്കും പാമ്പ് ഗവേഷകർക്കുമാണ്. അതിനും പ്രത്യേകം പാസുകളും നിർബന്ധം.ഇവിടെ താമസിച്ചിരുന്ന അവസാന മനുഷ്യരെ ചുറ്റി പറ്റി പാമ്പ് ദ്വീപുമായി ബന്ധപ്പെട്ടു പല കഥകളുമുണ്ട്, ഇവിടെ വാഴപ്പഴം ശേഖരിക്കാൻ വന്ന കർഷകനെ പാമ്പ് കടിച്ചെന്നും അയാൾ വള്ളത്തിൽ കയറി രക്ഷപ്പെട്ടെങ്കിലും കുറച്ചു നേരത്തിനകം വള്ളം മുഴുവൻ രക്തം കൊണ്ട് നിറഞ്ഞെന്നും പറയപ്പെടുന്നു. മറ്റൊരു കഥ ലൈറ്റ് ഹൌസുമായി ബന്ധപ്പെട്ടാണ്. ലൈറ്റ് ഹൌസിലെ കാവൽക്കാരനും അദ്ദേഹത്തിന്റെ കുടുംബത്തിനെയും ഒരിക്കൽ കാടിനുള്ളിൽ നിന്നും ഇഴഞ്ഞെത്തിയ പാമ്പുകൾ അക്രമിച്ചെന്നും അദ്ദേഹവും കുടുംബവും ജീവനും കൊണ്ട് രക്ഷപ്പെട്ട അവസാന ആൾക്കാരെന്നും മറ്റൊരു കഥ. പക്ഷെ അവർക്കും പാമ്പിന്റെ കടിയേറ്റിരുന്നത്രെ.
Queimada Grande എന്ന പേര് കേൾക്കുമ്പോൾ മറ്റേതൊരു ദ്വീപും പോലെ എന്ന് തോന്നാം പക്ഷെ പാമ്പ് ദ്വീപ് എന്ന പേരു വരുന്നതിനു മുൻപ് ഈ ദ്വീപ് ഈ പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ഇവിടുന്നു അവസാന ഗ്രാമവാസിയും അപ്രത്യക്ഷമാക്കപ്പെട്ടതോടെ ഇവിടം സർപ്പങ്ങളുടെ ദ്വീപായി പരിണമിയ്ക്കപ്പെട്ടു. പക്ഷെ ഈ പാമ്പ് കഥ വെറും പൊളിയാണെന്നു ഇപ്പോഴും ബ്രസീലിലെ ഒരു വിഭാഗം അവകാശപ്പെടുന്നു. പണ്ട് കടൽകൊള്ളക്കാർ ഉണ്ടായിരുന്ന സമയത്ത് അവർ സ്വരൂപിച്ച കോടിക്കണക്കിനു രൂപയുടെ നിധി ഒളിപ്പിക്കപ്പെട്ട സ്ഥലമാണ് ഈ ദ്വീപുകളെന്നു ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ട്. ആൾക്കാരെ അങ്ങോട്ടേയ്ക്ക് അടുപ്പിക്കാതെയിരിക്കാൻ കൊള്ളക്കാർ കണ്ടെത്തിയ മാർഗ്ഗമായിരുന്നത്രെ ഈ പാമ്പ് കഥ. ഇത് വിശ്വസിച്ച പലരും പിന്നീട് നിധി തേടി ഈ ദ്വീപിലേക്ക് പുറപ്പെട്ടു. പക്ഷെ പുറപ്പെട്ടു അവിടെ എത്തിയവരാരും നിധി കണ്ടെത്തിയതുമില്ല, ഇതുവരെ പിന്നീട് തിരികെയെത്തിയതുമില്ല എന്നത് കഥയുടെ മറ്റൊരു സത്യമായി അവശേഷിക്കുന്നു. ഗവേഷകർ പറയുന്നത് ഏതാണ്ട് നാലായിരം ഇനത്തിലധികം പാമ്പുകൾ ഈ കാട്ടിലുണ്ടെന്നാണ്. നൂറ്റിപ്പത്ത് ഏക്കറോളം പടർന്നു കിടക്കുന്ന ഈ ദ്വീപ് നിറയെ മരങ്ങൾ നിറഞ്ഞ വനവും പാറക്കൂട്ടങ്ങളും ചിലയിടങ്ങളിൽ പുൽത്തകിടികളാലും മനോഹരമാണ്.
അതായത് ഒന്ന് വരണം എന്ന് തോന്നിയാലും ആ തോന്നലിനെ കുറ്റം പറയാനില്ല,അഥവാ വന്നാലും ഇവിടെ നിന്ന് പോകാനും തോന്നില്ല. പുൽത്തകിടികൾ ഇവിടെമനുഷ്യർ ഉണ്ടായിരുന്നതിന്റെ തെളിവുകൾ അവശേഷിപ്പിക്കുന്നുണ്ട്. ഇവിടെ താമസിച്ചിരുന്നവരുടെ അടിസ്ഥാന വിളയായ വാഴകൃഷിയ്ക്കു വേണ്ടി മരങ്ങൾ വെട്ടി തീയിട്ടു നശിപ്പിച്ച് വിളയ്ക്ക് ഒരുക്കിയെടുത്തതിന്റെ തെളിവുകളാണ് ഇപ്പോൾ കാണുന്ന ഈ പുല്തകിടികൾ. എത്ര നിഗൂഢമാക്കപ്പെട്ട ഇടമാണെങ്കിലും ഇവിടെയും അത്യാവശ്യം രഹസ്യ നീക്കങ്ങൾ നടക്കുന്നുണ്ട് എന്നത് സത്യമാണ്. അപൂവ്വമായ പാമ്പുകളുടെ വിഷം ശേഖരിക്കാൻ ഇവിടെ സർക്കാരിന്റെ അനുവാദമില്ലാതെ കടന്നെത്തുന്ന മനുഷ്യർ നിരവധി. പാമ്പ് വിഷം പല വലിയ അസുഖങ്ങൾക്കുമുള്ള മരുന്നിന്റെ ഭാഗമാണ്, ഇതിനു മരുന്നുൽപ്പാദനത്തിൽ നല്ല ഡിമാൻഡ് ഉണ്ടായതുകൊണ്ട് ഔദ്യോഗികമായി അനുവാദമില്ലാതെ ദ്വീപിലെത്തി പാമ്പുകളെ പിടിച്ച് അവയുടെ വിഷമെടുക്കുന്നവർ നിരവധിയുണ്ട്. ബ്രസീലിൽ ഇത്തരം വിഷയങ്ങൾ അറിഞ്ഞാൽ പോലും ഉദ്യോഗസ്ഥരെ പോലും പണം നൽകി വിലയ്‌ക്കെടുക്കാമെന്നു ഉറപ്പുള്ളവരാണ് ഈ കള്ളക്കളികൾ നടത്തുന്നതും. പാമ്പ് ദ്വീപിനെ ചുറ്റി പറ്റിയുള്ള കഥകളെല്ലാം ഒരു ഇംഗ്ലീഷ് സിനിമ കണ്ട അനുഭവം നൽകും. കടൽ കൊള്ളക്കാരും എണ്ണിയാലൊടുങ്ങാത്ത പാമ്പുകളും കള്ളക്കണ്ണുള്ള കച്ചവടക്കാരും ഇവിടെ നിന്ന് ഓടിപ്പോയ മനുഷ്യരും എല്ലാം പറയുന്നത് പാമ്പ് ദ്വീപ് അപകടം പിടിച്ച ഒരു ഇടം ആണെന്ന് തന്നെയാണ്. പക്ഷെ സമൃദ്ധമായി പക്ഷികളും ഉള്ള ഒരു മനോഹരമായ പച്ചപ്പാണ് ഈ ദ്വീപ്. കാടിനെ പ്രണയിക്കുന്നവർ പാമ്പ് ദ്വീപിന്റെ ചിത്രങ്ങൾ കണ്ടാൽ ഇവിടെ വരണമെന്ന ആഗ്രഹം ഉറപ്പായും പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷെ സഞ്ചാരികളെ ഈ വഴി കയറ്റാത്തതുകൊണ്ടു മോഹങ്ങൾ ചിത്രങ്ങളിലും ഇവിടെ വന്നു സാഹസികമായി വീഡിയോ എടുത്തു ചെയ്ത ഡോക്യൂമെന്ററികളിലും ഒതുക്കി നിർത്താം.
STORY HIGHLLIGHTS: travel-to-brazil-snake-island