നിലമ്പൂർ: പൊലീസിനെതിരെ പരാതി അറിയിക്കാൻ വാട്സ് ആപ്പ് നമ്പറുമായി പി.വി. അൻവർ എം.എൽ.എ. ഭയപ്പെട്ട് പുറത്ത് പറയാത്ത സംഭവങ്ങളെല്ലാം അറിയിക്കാനുള്ള അവസരമാണെന്നും കേരളത്തിലെ സഖാക്കളും താനും പൊലീസിലെ പുഴുക്കുത്ത് പുറത്തുകൊണ്ടുവരുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ ജലീലും വാട്സാപ്പ് നമ്പർ പുറത്തുവിട്ടിരുന്നു. കൈക്കൂലിക്കാരുടെ തസ്തികയും ഓഫിസും ഉൾപ്പടെ വ്യക്തമായി ടൈപ്പ് ചെയ്ത് അനുഭവസ്ഥരുടെ മേൽവിലാസവും ഫോൺ നമ്പറുമടക്കം എഴുതി അയച്ചാൽ വിജിലൻസ് തരുന്ന നോട്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകാനുള്ള എല്ലാ മാർഗനിർദേശങ്ങളും കൈമാറും. പരാതിക്കാരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കിട്ടുന്ന പരാതികൾ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് തന്റെ കത്തോടുകൂടി കൈമാറുമെന്നും ജലീൽ ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു. 9895073107 എന്ന നമ്പരാണ് വിവരങ്ങൾ കൈമാറാനായി നൽകിയത്.
എന്നാല്‍ അഴിമതി കണ്ടെത്താൻ കെ.ടി. ജലീലിന്‍റെ സ്റ്റാർട്ടപ്പ് ആവശ്യമില്ലെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിനെതിരെ പരാതി അറിയിക്കാൻ അൻവർ വാട്സ് ആപ്പ് നമ്പർ പ്രഖ്യാപിച്ചത്.