അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ പ്രധാനപ്പെട്ട സ്ഥലമാണ് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്. പാലത്തിനു മുകളിൽ നിന്നാൽ അങ്ങകലെ ഒരു മനോഹരമായ ദ്വീപ് കാണാം. ഹോളിവുഡ് സിനിമകളിൽ നിഗൂഢ കഥകളായി അവതരിപ്പിക്കപ്പെട്ട അൽക്കട്രാസ് ദ്വീപ്. മുപ്പത്തഞ്ചുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സ്ഥലമാണ് അൽക്കട്രാസ് ദ്വീപ്. അവിടെ മരിച്ചവരുടെ ആത്മാക്കളുണ്ടെന്നാണു കേട്ടുകേൾവി. തേങ്ങിക്കരച്ചിലും ചങ്ങല കിലുക്കവും കേൾക്കാറുണ്ടത്രെ!!! ജുവാൻ മാനുവൽ എന്ന സ്പാനിഷ് നാവികനാണ് അൽക്കട്രാസ് ദ്വീപ് കണ്ടെത്തിയത്. 1775ലാണ് ജുവാൻ അവിടെ എത്തിയത്. എന്നാൽ അതിനും പതിനായിരം വർഷം മുൻപ് അമേരിക്കൻ ഇന്ത്യക്കാർക്ക് (റെഡ് ഇന്ത്യൻസ്) ഈ ദ്വീപിനെക്കുറിച്ച് അറിയാമായിരുന്നു എന്നൊരു വാദവുമുണ്ട്. എന്തായാലും, മനുഷ്യ സാന്നിധ്യമില്ലാതിരുന്ന കാലത്ത് പെലിക്കൺ പക്ഷികളുടെ വാസകേന്ദ്രമായിരുന്നു അൽക്കട്രാസ് ദ്വീപ്. 1934 –1983 വർഷങ്ങളിലാണ് ഫെഡറൽ പെനിടെൻഷ്യറിയുടെ ജയിൽ സമുച്ഛയം ഇവിടെ പ്രവർത്തിച്ചത്. പിന്നീട് നാഷനൽ പാർക്ക് സർവീസിനു കീഴിൽ ഗോൾഡൻ ഗേറ്റ് റിക്രിയേഷൻ എന്ന പേരിൽ ഒരു ടൂറിസ്റ്റ് സങ്കേതമായി അറിയപ്പെട്ടു.
തദ്ദേശീയരുടെ സമരങ്ങളും അമിതമായ സംരക്ഷണച്ചെലവുമായിരുന്നു ഈ മാറ്റത്തിനു കാരണം. കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ തീരത്തെ ഫിഷർമാൻസ് വാർഫിലെ ടിയർ നമ്പർ 33ൽ നിന്ന് രണ്ടു കിലോമീറ്റർ ദൂരെയാണ് ദ്വീപ്. ഫെറി സർവീസിന് നേരിട്ടും ഓൺലൈനിലും ടിക്കറ്റെടുക്കാം. പാറക്കെട്ടുകൾക്കിടയിലുള്ള ഭീതിജനകമായ ജയിൽ, സൈനിക മന്ദിരങ്ങൾ, പരേഡ് ഗ്രൗണ്ട്, ലൈറ്റ് ഹൗസ്, പക്ഷിസങ്കേതമായി പടർന്നു നിൽക്കുന്ന കാട് തുടങ്ങി 22 ഏക്കർ വിസ്തൃതിയുള്ള ദ്വീപിൽ കാഴ്ചകൾ ഏറെയുണ്ട്. കൊടും തണുപ്പും ചുഴലിക്കാറ്റുമായി ദ്വീപിൽ എപ്പോഴും കാലാവസ്ഥ മാറിക്കൊണ്ടിരിക്കും. സന്ദർശകർ ഈ സാഹചര്യത്തിന് അനുയോജ്യമായ വസ്ത്രം കരുതണം. വഴികാട്ടിയായി എത്തിയ ജീവനക്കാരൻ തടവറകൾ ചൂണ്ടിക്കാണിച്ചു. ഫ്രാങ്ക് മോറിസിനെ പാർപ്പിച്ചിരുന്ന സെല്ലിനെക്കുറിച്ച് കഥകൾ പറഞ്ഞു. കുപ്രസിദ്ധ ഭീകരൻ അൽ കാപ്രൂൺ, ബേഡ് മാൻ എന്ന റോബർട്ട് ഫ്രാങ്ക്ളിൻ, മാക്ഗൺ എന്ന ജോർജ് കില്ലി, ക്രീപി എന്ന ആൽവിൻ കാർവർ എന്നിവർ ജയിൽചാടിയ കഥ. അവിടെ നിന്നു പോൾ സ്കോട്ട് എന്ന തടവുകാരൻ 1962ൽ കൊടുംതണുപ്പുള്ള സമയത്ത് ക ടലിൽ ചാടി രക്ഷപെടാൻ ശ്രമിച്ചു. കടലിനെ മറികടന്ന് അയാൾ തൊട്ടടുത്തുള്ള ആഞ്ചൽ ദ്വീപിലെത്തിയെങ്കിലും അസഹ്യമായ തണുപ്പുകാരണം (ഹൈപോ തെർമിയ) ജീവൻ നഷ്ടപ്പെട്ടു.
മോറിസിന്റെ കഥ വ്യത്യസ്തമാണ്. ലോക ജനസംഖ്യയുടെ രണ്ടു ശതമാനത്തിൽ താഴെയാളുകൾക്കു മാത്രം സ്വന്തമായുള്ള ‘133 ഐ ക്യു’ ലഭിച്ചിട്ടുള്ളയാളായിരുന്നു മോറിസ്. ആംഗ്ളിൻ സഹോദരന്മാർക്കു പുറമെ വെസ്റ്റ് എ ന്നൊരു നാലാമനും സംഘത്തിലുണ്ടായിരുന്നു. എട്ടു മാസത്തോളം സമയമെടുത്ത് ജയിലിൽ നിന്നു രക്ഷപെടാൻ അതീവ രഹസ്യമായി അവർ പദ്ധതി തയാറാക്കി. അടുക്കളയിൽ നിന്നു മോഷ്ടിച്ച സ്പൂൺ, വാക്വം ക്ലീനറിന്റെ മോട്ടോർ, ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്ന സമയത്തു ശേഖരിച്ചു വച്ച തലമുടി, ശുചിമുറിയിലെ സോപ്പും ടൊയ്‌ലെറ്റ് കടലാസും ചേർത്തുണ്ടാക്കിയ പൾപ്പുപയോഗിച്ചു നിർമിച്ച ഡമ്മി തലകൾ, തടവുകാർക്ക് മാനസികോല്ലാസത്തിനു നൽകിയ പെയിന്റ്, ഹാർമോണിയപ്പെട്ടിയിൽ കാറ്റ് നിറയ്ക്കുന്ന കോൺസെർട്ടിന (അക്കോർഡിയൻ), വെള്ളം കടക്കാത്ത ഷീറ്റുകൾ എന്നിവയാണ് ജയിൽ ചാട്ടത്തിനുള്ള സാമഗ്രികളായി അവർ ഒരുക്കിയത്. മാസങ്ങളോളം സമയമെടുത്ത് വാഷ് ബെയ്സിനു താഴെ ഭാഗത്തു ചുമർ തുരന്നു തുരങ്കമുണ്ടാക്കി. ആരും കാണാതിരിക്കാൻ അവിടെ ഗ്രില്ലുകൾ വളച്ച് മൂടി.
രാത്രിയിലാണ് പദ്ധതി നടപ്പാക്കിയത്. ഈ സമയത്ത് കട്ടിലിൽ ആളുണ്ടെന്നു കാവൽക്കാരെ തെറ്റിദ്ധരിപ്പിക്കാനായി ഡമ്മി തലകൾ കിടക്കയിൽ വച്ചു. തന്ത്രപരമായി ആ സംഘം ജയിലിൽ നിന്നു പുറത്തു ചാടി. ഷീറ്റുകൾ തുന്നിച്ചേർത്തുണ്ടാക്കിയ പേടകത്തിൽ അക്കോഡിയൻ ഉപയോഗിച്ച് വായു നിറച്ചു. ലൈറ്റ് ഹൗസിനു സമീപത്തു വെളിച്ചമെത്താത്ത കോണിലൂടെ തുഴഞ്ഞു നീങ്ങി. അതിസാഹസികമായി അവർ രക്ഷപെട്ട കഥ ഒരു സിനിമപോലെ എന്റെ കൺമുന്നിൽ തെളിഞ്ഞു. അവർ നാലു പേരായിരുന്നു. ഇതിൽ വെസ്റ്റ് എന്നയാൾക്ക് രക്ഷപെടാനായില്ല. ജയിലിനുള്ളിൽ നിന്നു പുറത്തേക്ക് അവരുണ്ടാക്കിയ തുരങ്കത്തിലെ ഗ്രിൽ തുറക്കാൻ വെസ്റ്റിനു കഴിഞ്ഞില്ല. കട്ടിയിൽ ഉറച്ചുപോയ സിമന്റ് നീക്കാനുള്ള ശ്രമം പരാജയപ്പെട്ട് അയാൾ തുരങ്കത്തിൽ തളർന്നുറങ്ങി. വെസ്റ്റിനെ പിന്നീട് അധികൃതർ പിടികൂടി. ഇയാളിൽ നിന്നാണ് ലോകത്തെ ഏറ്റവും സാഹസികമായ ജയിൽചാട്ടത്തിന്റെ കഥ ലോകം അറിഞ്ഞത്. ജയിൽ ചാട്ടത്തിന്റെ സാഹസികത ഇപ്പോഴും ഹരം പകരുന്ന ആവേശമാണ്. അവിടുത്തെ പുതുതലമുറ ചരിത്രത്തിലെ ആ സംഭവത്തിന്റെ സ്മരണയിൽ ട്രയാത്‌ലൺ മത്സരം സംഘടിപ്പിക്കാറുണ്ട്.
americas-haunted-island-where-mysterious-stories-sleep