ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ജുലാന മണ്ഡലത്തിൽ നിന്നും ഗുസ്തിതാരം വിനേഷ് ഫോഗട്ട് ജനവിധി തേടും. 31 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
ഹരിയാന പിസിസി പ്രസിഡന്റ് ഉദയ് ഭൻ ഹോഡൽ സീറ്റിലും ഭൂപീന്ദർ സിങ് ഹൂഡ ഗർഹി സാംപ്ല-കിലോയി മണ്ഡലത്തിലും മത്സരിക്കും. ബജ്രംഗ് പുനിയായെ അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ വർക്കിംഗ് ചെയർമാനായും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയായും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇന്ന് വൈകുന്നേരമാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. ഇരുവരും റെയിൽവേയിലെ ജോലി രാജിവെച്ചു.