ഷിംല: കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം നൽകി ഹിമാചൽ പ്രദേശ് നിയമസഭ. ഇത് സംബന്ധിച്ച് നേരത്തെ നിയമസഭാ സമിതി നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ അനുസരിച്ചാണ് ഇപ്പോഴത്തെ പ്രമേയം.
റവന്യൂ മന്ത്രി ജഗത് സിങ് നേഗിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് കഞ്ചാവ് കൃഷിയുടെ സാധ്യതകളെക്കുറിച്ചും ലാഭ സാധ്യതകളെ കുറിച്ചും പഠനം നടത്തിയത്. മരുന്ന് നിർമാണത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും വേണ്ടി കഞ്ചാവ് കൃഷി ചെയ്യാനുള്ള സാധ്യത ഊന്നിപ്പറയുന്ന പ്രമേയത്തിൽ കഞ്ചാവ് കൃഷി, സംസ്ഥാനത്തിന് നല്ലൊരു സാമ്പത്തിക സ്രോതസായി ഉപയോഗിക്കാനാവുമെന്നും വിശദീകരിക്കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ ജില്ലകളും സന്ദർശിച്ച സമിതി അംഗങ്ങൾ ജനങ്ങളുമായി സംസാരിച്ചാണ് കഞ്ചാവ് കൃഷി എങ്ങനെ ലാഭകരമായി മരുന്ന് നിർമാണത്തിനും വ്യാവസായിക ആവശ്യങ്ങൾക്കുമായി നടത്താമെന്ന് പരിശോധിച്ചത്. ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും മദ്ധ്യപ്രദേശിലും പരീക്ഷിച്ച് വിജയിച്ച മാതൃകകളും പരിശോധിച്ചു. ജനാഭിപ്രായം കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിന് അനുകൂലമായിരുന്നുവെന്നാണ് സമിതി റിപ്പോർട്ട്.