കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. കേസില്‍ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛന് ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചരണത്തിന് പിന്നാലെയാണ് പൊലീസ് കോടതിയെ സമീപിച്ചത്. എന്നാല്‍ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും കുട്ടിയുടെ അച്ഛന് പറഞ്ഞു. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി എം എം ജോസാണ് തുടര്‍ അന്വേഷണം ആവശ്യപ്പെട്ടത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ നാലാമതൊരാള്‍ കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛന് ഒരു മാധ്യമത്തോട് പറഞ്ഞത് പരിശോധിക്കുന്നതിനാണ് തുടര്‍ അന്വേഷണം എന്ന് പൊലീസ് കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മകളെ തട്ടിക്കൊണ്ട് പോയത് നാല് പേര് ചേര്‍ന്നാണെന്ന് മകന് പറഞ്ഞ സംശയമാണ് പങ്കുവെച്ചതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും കുട്ടിയുടെ അച്ഛന് പറഞ്ഞു. പൊലീസിന്റെ അപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
2023 നവംബറിലാണ് ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയത്. എന്നാല്‍ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ പ്രതികള്‍ കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രതികള്‍. മുന്ന് പേരും റിമാന്‍ഡിലായിരുന്നു. അനുപമയ്ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു.