Kerala

സിനിമാനയ രൂപീകരണ സമിതി; ആദ്യ യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: സിനിമാനയ രൂപീകരണ സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. സമിതിയില്‍ നിന്ന് പുറത്താക്കിയ മുകേഷ് ഒഴികെയുള്ള അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിക്കുന്ന സിനിമാ കോണ്‍ക്ലേവിന് മുന്നോടിയായാണ് സമിതിയുടെ യോഗം. കൊച്ചിയിലാണ് യോഗം നടക്കുക.

സമിതി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, കണ്‍വീനര്‍ മിനി ആന്റണി ഐഎഎസ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാനയം രൂപീകരിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ അധ്യക്ഷനായി സര്‍ക്കാര്‍ സമിതി രൂപീകരിച്ചത്.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് സമിതിയുടെ കണ്‍വീനര്‍. മഞ്ജു വാര്യര്‍, ബി. ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്‍, സന്തോഷ് കുരുവിള, സി. അജോയ് എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.