കാസര്‍കോട്: വീട്ടുജോലിക്കാരികളുടെ മോഷണം കൈയോടെ പൊക്കി വീട്ടുടമ. കുമ്പള കയ്യാറില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശികളായ ബ്ലസി, ജാന്‍സി എന്നീ യുവതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുജോലിക്കായി എത്തിയ ഇവര്‍ ജോലിക്കിടെ ഐ ഫോണും സ്വര്‍ണ്ണാഭരണവും സ്മാര്‍ട്ട് വാച്ചും മോഷ്ടിക്കുകയായിരുന്നു.
കുബണൂര്‍ ബിസി റോഡിലെ റഹ്മത്ത് മന്‍സിലില്‍ നിന്നാണ് ഇവര്‍ മോഷണം നടത്തിയത്. യുവതികളെ വീട്ടുകാര്‍ തടഞ്ഞ് വച്ച് കുമ്പള പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇരുവരും കുബണൂരിലെ സൈനുദ്ദീന്റെ വീട്ടില്‍ ആദ്യമായി ക്ലീനിംഗ് ജോലിക്ക് എത്തിയത്. അന്നാണ് അവിടെ നിന്ന് ഒരു ഐ ഫോണ്‍ മോഷണം പോയത്. കഴിഞ്ഞ മാസം 24, 25 തീയതികളിലും ഇരുവരും വീണ്ടും വീട്ടുജോലിക്കെത്തി. അന്ന് കിടപ്പുമുറിയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന മൂന്നേമുക്കാര്‍ പവര്‍ സ്വര്‍ണ്ണാഭരണവും സ്മാര്‍ട്ട് വാച്ചും കാണാതായി. തുടര്‍ന്ന് മോഷണം സംബന്ധിച്ച് വീട്ടുടമ സൈനുദ്ദീന്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
മോഷണത്തിന് പിന്നില്‍ യുവതികളാണെന്ന് സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് ജോലിയുണ്ടെന്ന് പറഞ്ഞ് ഇവരെ വീണ്ടും വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് ചോദ്യങ്ങള്‍ ചോദിച്ചപ്പോളാണ് മോഷ്ടിച്ചതെന്ന കാര്യം ഇരുവരും സമ്മതിച്ചത്. ഇതോടെ സംഭവം വീട്ടുടമ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് കുമ്പള പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.