ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുളള തിരച്ചില്‍ പുനരാരംഭിക്കുന്നു. ബുധനാഴ്ച ഡ്രഡ്ജര്‍ എത്തിച്ച ശേഷം വ്യാഴാഴ്ചയാകും തിരച്ചില്‍ പുനരാരംഭിക്കുക. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കും. ഇതിനായി സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാര്‍വാര്‍ ആസ്ഥാനമായുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനിയാണ് ഡ്രഡ്ജ്ജിംഗ് നടത്തുക.
കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ തീരുമാനം.
ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ കൊണ്ട് വരാതെ തിരച്ചില്‍ സാധ്യമാകില്ലെന്നായിരുന്നു തിരച്ചില്‍ സംഘത്തിന്റെ വിലയിരുത്തല്‍. ഗംഗാവലി പുഴയില്‍ വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിക്കുകയും കലങ്ങുകയും ചെയ്തതോടെ മുങ്ങിയുള്ള പരിശോധന ദുഷ്‌ക്കരമാണ്. പുഴയില്‍ മണ്ണും കല്ലും അടിഞ്ഞുകൂടിയതിനാല്‍ ഡ്രെഡ്ജ് ചെയ്യാതെ തെരച്ചില്‍ സാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് ജില്ലാ ഭരണകൂടം ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തുന്നത് വരെ തെരച്ചില്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്