തനിക്കെതിരായ പീഡനപരാതിയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി വി.വി.ബെന്നി. മുട്ടില്‍ മരംമുറിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പകയാണ് തനിക്കെതിരായ പരാതിക്കു പിന്നിലെന്നാണ് ബെന്നിയുടെ ആരോപണം. ആരോപണത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. വീട്ടമ്മയുടെ പരാതി ചാനലില്‍ ആസൂത്രിതമായി നല്‍കിയത് പകയുടെ ഭാഗമാണെന്നും ബെന്നി പരാതിയില്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം എസ്പിക്കാണ് പരാതി നല്കിയിരികികുന്നത്.
‘വീട്ടമ്മയെ മുന്‍പരിചയം ഇല്ല. അടിസ്ഥാന രഹിതമായ ആരോപണം ആണ്. സാധാരണ പരാതികള്‍ അന്വേഷിക്കുന്നത് ഡിവൈഎസ്പി ഓഫിസില്‍ വിളിച്ചിട്ടാണ്. അങ്ങനെ പരാതിക്കാരിയെ കണ്ടോയെന്ന് അറിയില്ല. അവര്‍ നല്കിയ പരാതി കളവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നത്തെ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും കേസ് അന്വേഷിച്ചിരുന്നു.’, ഡിവൈഎസ്പി വി.വി.ബെന്നി പറഞ്ഞു.