കോട്ടയം ആലപ്പുഴ ഭാഗത്തുള്ള യാത്രക്കാര്‍ക്ക് രാവിലെ തിരുവനന്തപുരം ഭാഗത്തേക്ക് എത്താനുള്ള രണ്ടു ജനകീയ സര്‍വ്വീസുകളാണ് 16341 നമ്പര്‍ ട്രെയിനായ ഇന്റര്‍സിറ്റിയും, 16303 നമ്പര്‍ ട്രെയിനായ വഞ്ചിനാട് എക്‌സ്പ്രസും. എന്നാല്‍ സമയ ക്രമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ റയില്‍വേ തയ്യാറാകാത്തതു മൂലം വഞ്ചിനാടിലെ യാത്രക്കാര്‍ കായങ്കുളം മുതല്‍ തീരാ ദുരിതത്തിലാണ്. കോട്ടയത്തു നിന്നും 6.23നു പുറപ്പെടുന്ന വഞ്ചിനാട് കായംകുളത്തെ സമയമായ 7.28നു മുമ്പുതന്നെ മിക്ക ദിവസവും എത്താറുണ്ട്. അവിടെ തുടങ്ങുന്നു വഞ്ചനാടിന്റെയും യാത്രക്കാരുടെയും ദുരിതം.
പുതുക്കിയ സമയ പ്രകാരം 7.20നു കായംകുളത്ത് എത്തിച്ചേരേണ്ട ഇന്റര്‍സിറ്റിക്കായി വഞ്ചിനാട് അവിടെ കാത്തുകിടക്കും. അതു 15 മിനിട്ടു വരെയെങ്കിലും തുടരും. തുടര്‍ന്ന് ഇന്റര്‍സിറ്റി പോയ ശേഷം 20 മിനിട്ടിലധികം കഴിഞ്ഞാണ് വഞ്ചിനാട് യാത്ര വീണ്ടും ആരംഭിക്കുക. ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കൃത്യ സമയത്ത് എത്തുന്ന വണ്ടികളെ കടത്തിവിടുക എന്നതാണ് റയില്‍വേ ചെയ്യേണ്ടത്. മാത്രമല്ല മറ്റൊരു ക്രൂര വിനോദം വഞ്ചിനാട് കായങ്കുളത്തു നിന്നും ആദ്യം പുറപ്പെട്ടാലും കരുനാഗപ്പള്ളി ശാസ്താംകോട്ട, പെരിനാട്, കൊല്ലം കഴക്കൂട്ടം തുടങ്ങി എവിടെയെങ്കിലും പിടിച്ച് ഇന്റര്‍സിറ്റിയെ കയറ്റി വിടുന്നു എന്നതാണ്.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെ രണ്ടു വണ്ടികളും express ട്രെയിനുകള്‍ തന്നെ. പിന്നെ എന്തിനു ഈ വിവേചനം. ഇന്റര്‍സിറ്റി ആദ്യം തിരുവനന്തപുരം എത്തിക്കണമെങ്കില്‍ അതിനനുസരിച്ച് സമയം ക്രമീകരിക്കണം അല്ലാതെ യാത്രക്കാരെ വഴിയില്‍ ബന്ദിയാക്കിയല്ല ട്രെയിന്‍ സര്‍വീസ് നടത്തേണ്ടത്. ഈ സംവിധാനം മാറിയേ തീരൂവെന്നാണ് സ്ഥിരം ട്രെയിന്‍ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍ പറയുന്നത്. മുന്‍ കാലങ്ങളില്‍ ഇതേ സാഹചര്യത്തില്‍ കായങ്കുളം സ്റ്റേഷനില്‍ പ്രത്യേക announcement ഉണ്ടായിരുന്നു.
ആദ്യം തിരുവനന്തപുരത്ത് എത്തുന്ന ട്രെയിന്‍ എതാണെന്ന് ഈ അനൗണ്‍സ്‌മെന്റിലൂടെ മനസ്സിലാക്കാന്‍ കഴിയും. അത്യാവശ്യ യാത്രക്കാര്‍ക്ക് വണ്ടി മാറിക്കയറാന്‍ അത് പ്രയോജനപ്പെടുമായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെട്ട വിഷയത്തില്‍ കുറച്ചുനാള്‍ റെയില്‍വേ ആദ്യം വരുന്ന വണ്ടി ആദ്യം എത്തിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയ പടി ആയിരിക്കുകയാണ്. ഇതിനു മാറ്റം വരുത്താന്‍ റെയില്‍വേ തയ്യാറാകണം. ട്രെയിന്‍ സമയത്ത് എത്തിക്കുന്നതിനോടൊപ്പം യാത്രക്കാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്നതാണ് റെയില്‍വെയുടെ ഉത്തരവാദിത്വം.
CONTENT HIGHLIGHTS; Passengers held hostage by Railways: Discrimination against Vanchinad Express train