സുനിത വില്യംസും ബാരി വില്‍മോറുമില്ലാതെ ബോയിങ് സ്റ്റാര്‍ലൈനര്‍ ഭൂമിയില്‍ തിരിച്ചെത്തി. ന്യൂമെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പേസ് ഹാര്‍ബറില്‍ ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതരയോടെയാണ് സ്റ്റാര്‍ലൈനര്‍ എത്തിയത്. പ്രതീക്ഷിച്ചതിലും ആറ് മണിക്കൂര്‍ മുന്‍പ് പേടകം ലാന്‍ഡ് ചെയ്തു. ഇതിന്റെ വീഡിയോ നാസ കൊമേഷ്യല്‍ ക്രൂ എക്‌സില്‍ പങ്കുവെച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു സുനിത വില്യംസിനേയും ബാരി വില്‍മോറിനേയും വഹിച്ചുകൊണ്ട് ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് കുതിച്ചത്. ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് എന്നായിരുന്നു ദൗത്യത്തിന്റെ പേര്. നാസയും സ്വകാര്യ കമ്പനിയായ ബോയിംഗും സഹകരിച്ചുള്ള കന്നി ബഹിരാകാശ യാത്രയായിരുന്നു ഇത്. ജൂണ്‍ ആറിന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി. എന്നാല്‍ പേടകത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ റിയാക്ഷന്‍ കണ്‍ട്രോള്‍ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോര്‍ച്ച ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി.
ബഹിരാകാശ യാത്രികരുടെ യാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസം നീണ്ട ദൗത്യം മാസങ്ങളോളം നീണ്ടു. ഏറെ നാള്‍ ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിതയുടേയും ബാരിയുടേയും ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക ഉയര്‍ന്നു. ഇതിനിടെ തങ്ങള്‍ സുരക്ഷിതരാണെന്നും പേടിക്കേണ്ടതില്ലെന്നും സുനിതയും വില്‍മോറും തത്സമയമെത്തി വ്യക്തമാക്കി. അതിനിടെ സ്റ്റാര്‍ലൈനറിലുണ്ടായ സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ബോയിംഗ് തുടര്‍ന്നു. ഒടുവില്‍ പേടകത്തിന്റെ പ്രശ്‌നം പരിഹരിച്ചുവെന്ന് ബോയിംഗ് അറിയിച്ചെങ്കിലും നാസ അതില്‍ തൃപ്തരായിരുന്നില്ല. തുടര്‍ന്ന് സ്റ്റാര്‍ലൈനര്‍ ഭൂമിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.