മെഡിക്കല്‍ ഉപകരണ മേഖലയിലെ അധാര്‍മ്മികമായ പ്രവൃത്തികള്‍ നിയന്ത്രിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍. മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രലോഭിപ്പിക്കാന്‍ കമ്പനികള്‍ നല്‍കുന്ന വിവിധ അനാവശ്യ ഓഫറുകള്‍ തടയുന്നതിന്റെ ഭാഗമായാണ് മാര്‍ക്കറ്റിങ് കോഡ് എന്ന പേരില്‍ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിദേശ യാത്ര, ഗിഫ്റ്റുകള്‍ അടക്കമുള്ള ഓഫറുകള്‍ നല്‍കുന്നത് വിലക്കി കൊണ്ടുള്ളതാണ് മാര്‍ഗനിര്‍ദേശം.
വിദേശത്ത് വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹോട്ടല്‍ താമസം ഒരുക്കുന്നതും പണം വാഗ്ദാനം ചെയ്യുന്നതും നിരോധിക്കാന്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ അസോസിയേഷനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.’എല്ലാ അസോസിയേഷനുകളും മെഡിക്കല്‍ ഉപകരണങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് ഒരു എത്തിക്സ് കമ്മിറ്റി രൂപീകരിക്കണം, പരാതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിശദമായ നടപടിക്രമങ്ങള്‍ സഹിതം വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യണം, ഇത് ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന്റെ യുസിപിഎംപി പോര്‍ട്ടലുമായി ബന്ധിപ്പിക്കണം’- വിജ്ഞാപനത്തില്‍ പറയുന്നു.
റെഗുലേറ്ററി അതോറിറ്റിയില്‍ നിന്ന് ഉല്‍പ്പന്നത്തിന് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് ഒരു മെഡിക്കല്‍ ഉപകരണവും പ്രോമോട്ട് ചെയ്യരുതെന്നും അറിയിപ്പില്‍ പറയുന്നു. സുരക്ഷിതമാണ് എന്ന വാക്ക് യോഗ്യതയില്ലാതെ ഉപയോഗിക്കരുത്. മെഡിക്കല്‍ ഉപകരണത്തിന് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലെന്നും അവകാശപ്പെടരുത്. ഏതെങ്കിലും മെഡിക്കല്‍ ഉപകരണ കമ്പനിയോ അതിന്റെ ഏജന്റോ ഏതെങ്കിലും ആരോഗ്യ പ്രവര്‍ത്തകന്റെയോ കുടുംബാംഗങ്ങളുടെയോ വ്യക്തിഗത നേട്ടത്തിനായി ഒരു സമ്മാനവും നല്‍കരുത്. കമ്പനികളോ അവരുടെ പ്രതിനിധികളോ കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍ മുതലായവയില്‍ പങ്കെടുക്കുന്നതിനായി ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ വിദഗ്ധര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ രാജ്യത്തിനകത്തോ പുറത്തോ യാത്രാ സൗകര്യങ്ങള്‍ നല്‍കരുത്,’- വിജ്ഞാപനത്തില്‍ പറയുന്നു.
കൂടാതെ, കമ്പനികളോ അവരുടെ പ്രതിനിധികളോ ഹോട്ടല്‍ താമസം, ചെലവേറിയ ഭക്ഷണവിഭവങ്ങള്‍, റിസോര്‍ട്ട് താമസം തുടങ്ങിയ വാഗ്ദാനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ നല്‍കരുത്. കൂടാതെ പണമോ ധനസഹായമോ നല്‍കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.