നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയെയും ഭര്‍ത്താവിനെയും വിളിച്ചുവരുത്തിയത്. ദുബായില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസം നിവിന്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷിക്കട്ടെയെന്നായിരുന്നു യുവതി പറഞ്ഞത്.
പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസന്‍ റിപ്പോര്‍ട്ടറിന് കൈമാറിയിരുന്നു.
പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കിയത്. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.
പരാതിക്കാരി പീഡനം ആരോപിക്കുന്ന ദിവസം താന്‍ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും നിവിന്‍ പരാതിയിലൂടെ അറിയിച്ചു. ഇതിന്റെ തെളിവായി പാസ്‌പോര്‍ട്ടിന്റെ കോപ്പിയും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും നിവിന്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഏതുതരം അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.