സൗദി സമ്പദ് വ്യവസ്ഥയെ വിശകലനം ചെയ്ത് അന്താരാഷ്ട്ര നാണയ നിധി പുറത്തിറക്കിയ റിപ്പോർട്ടിനെ സ്വാഗതം ചെയ്ത് സൗദി ധനകാര്യം മന്ത്രാലയം. സൗദിയുടെ സാമ്പത്തിക നിയന്ത്രണ പരിഷ്‌കരണ അജണ്ട രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ത്വരിതഗതിയിലുള്ള വളർച്ചക്ക് കാരണമായതായി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഐ.എം.എഫ് പുതിയ അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
സൗദി സമ്പദ് വ്യവസ്ഥയെ കുറിച്ചുളള നല്ല സൂചകങ്ങളാണ് റിപ്പോർട്ട് ഉൾക്കൊള്ളുന്നത്. രാജ്യം നടപ്പിലാക്കി വരുന്ന സാമ്പത്തിക, നിയന്ത്രണ പരിഷ്‌കരണ പരിപാടി സമ്പദ് വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളർച്ചക്ക് കാരണമായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. പണപ്പെരുപ്പവും തൊഴിലില്ലായമ നിരക്കും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിക്കാൻ പദ്ധതികൾ സഹായിച്ചു.
വിഷൻ 2030 പദ്ധതിയുടെ ഭാഗമായി നടക്കുന്ന പരിവർത്തനവും വളർച്ചക്ക് ആക്കം കൂട്ടിയതായി റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങളുടെ കുതിച്ചുചാട്ടത്തിന്റെ അപകട സാധ്യതകൾ ലഘൂകരിച്ച് ദീർഘകാല സാമ്പത്തിക ആസൂത്രണത്തോടെ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനെയും റിപ്പോർട്ട് പ്രശംസിക്കുന്നുണ്ട്. വിദേശ നിക്ഷേപ ലൈസൻസുകൾക്കുള്ള അപേക്ഷകൾ റെക്കോർഡ് തലത്തിലെത്തിയത് ശക്തമായ വളർച്ചയെ പിന്തുണക്കുമെന്നും റിപ്പോർട്ട് പറയുന്നു.