“ചൂറ എറിയാനായ് ഞാൻ ഈ മലയുടെ മുകളിൽ നിൽക്കുകയാണ്.” വയനാട് പ്രകൃതിദുരന്തത്തിനും കെ ജെ ബേബിക്കും സമർപ്പിച്ച് അരങ്ങേറിയ നാടകീയ രംഗാവിഷ്കരണം ദൃശ്യവിസ്മയമായി.
നെടുങ്കണ്ടം ബിഎഡ് കോളേജ് കഴിഞ്ഞ അഞ്ചു വർഷമായി തുടർച്ചയായി നടത്തി വരുന്ന നാടകക്കളരി കേരളത്തിനകത്തും പുറത്തും ഇതോടൊപ്പം ശ്രദ്ധേയമായിരിക്കുകയാണ്. അദ്ധ്യാപന പരിശീലനവും പ്രകടനകലയുടെ വിവിധ സാധ്യതകളും വിശകലനം ചെയ്താണ് ഇവിടെ നാടക വർക് ഷോപ്പ് അരങ്ങേറുന്നത്. സൂക്ഷ്മ അദ്ധ്യാപനത്തിൻ്റെ (Micro Teaching) വിവിധ ഘടകങ്ങളും ക്യാമ്പിൽ അപഗ്രഥനം നടത്തി പുതിയ അദ്ധ്യാപനതന്ത്രങ്ങൾ ക്ളാസ് മുറികളിലും പുറത്തും നടപ്പിൽ വരുത്താനാണ് കോളേജ് ലക്ഷ്യമിടുന്നത്. ഇതിനായി കോളേജിൽ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ക്യാമ്പസ് തീയറ്റർ പ്രവർത്തിക്കുന്നുണ്ട്.
പ്രകൃതിദുരന്തങ്ങളും കേരളീ സമകാലിക സാമൂഹ്യ ജീവിത സാഹചര്യങ്ങളും നാടകത്തിൽ പ്രമേയവത്കരിക്കുന്നു. ശാസ്ത്രീയമായ സ്ഥലജല മാനേജ്മെൻറുകൾ നടപ്പിലാക്കണം. ഹൈറേഞ്ച് ഉൾപ്പെടെയുള്ള മലയോര ഭൂമിയിൽ മനുഷ്യവാസം സാദ്ധ്യമാകാണം. കുടിയേറ്റ ജനതയുടെ ജീവിതം സംരക്ഷിക്കപ്പെടണം. സാധാരണക്കാരായ മനുഷ്യരേയും പാർശ്വവൽകൃതരായവരേയും കൂടെ നിർത്തണം. തൊഴിലില്ലായ്മ, വർഗ്ഗീയത, ജാതിവിവേചനങ്ങൾ എന്നിവ തുടച്ചുനീക്കണം. ജൈവികവും മാനവികവുമായ മൂല്യങ്ങളെ സമന്വയിപ്പിച്ച് ഒരു നവകേരളം സാദ്ധ്യമാക്കണം. ഇങ്ങനെയുള്ള ആശയങ്ങളാണ് നാടകത്തിൽ വിഷയങ്ങളായത്.
വയനാട് പ്രകൃതിദുരന്തത്തിന് ഇരയായ പാവപ്പെട്ട മനുഷ്യരുടെ ജീവിത സ്മരണകളിൽ ജ്വലിച്ചു നിൽക്കുന്ന ഈ നാടകം കേരളത്തിലെ ആദ്യസംരഭമാണ്. ആദ്യമായാണ് കേരളത്തിൽ ഒരു കലാലയം ഇത്തരത്തിൽ രംഗാവിഷ്കരണം ഒരുക്കുന്നത്. കോളേജ് പ്രിൻസിപ്പാൾ ഡോ.രാജീവ് പുലിയൂരിൻ്റെ സംഘാടനത്തിലാണ് 5 ദിവസങ്ങളിലായി നീണ്ട നാടകക്കളരി അരങ്ങേറിയത്. കേരളത്തിലെ പ്രശസ്ത നാടകകാരനായ എം.പാർത്ഥസാരഥിയുടെ സംവിധാനമികവിലായിരുന്നു ഇതിൻ്റെ സാക്ഷാത്കാരം. മാർഗ്ഗദർശനത്തിന് പ്രശസ്ത സിനിമാ സീരിയൽ താരം രഞ്ജിത് ചെങ്ങമനാടും രണ്ടു ദിവസങ്ങളിലായി ക്യാമ്പിൽ പങ്കെടുത്തു. കോളേജിലെ ആർട്ട് അദ്ധ്യാപകൻ അനൂപ് ജി കോ-ഓഡിനേറ്ററായും അരുൺ തറയൻ കൺവീനറായും പ്രവർത്തിച്ചു.
വയനാട്ടിൽ ആദിവാസികൾക്കിടയിൽ ഒരു ആചാരമുണ്ട്. പ്രായമായ ഒരാൾ മരിച്ചാൽ സമ്പാദ്യങ്ങൾ എവിടെയെങ്കിലും വെച്ചിട്ടുണ്ടോ എന്ന് നോക്കും. എന്തെങ്കിലും കിട്ടിയാൽ അത് സ്വന്തക്കാർക്കുള്ളതല്ല. ചുടലയിലേക്കെടുക്കും മുമ്പ് മൂപ്പൻ ആ കിലുങ്ങുന്ന ജീവിത സമ്പാദ്യവും അതിൽ അടങ്ങിയ സ്വപ്നങ്ങളും മുകളിലേക്ക് ആകാശത്തേക്ക് വലിച്ചെറിയും. ഇങ്ങനെ പരേതൻ്റെ സ്വപ്നങ്ങളും സമ്പാദ്യങ്ങളും ആകാശത്തേക്ക് വലിച്ചെറിയുന്ന ചടങ്ങിനെയാണ് “ചൂറ എറിയുക ” എന്ന് പറയുന്നത്.
ഈയിടെ അന്തരിച്ച മലയാളത്തിലെ പ്രശസ്ത ഗോത്ര നാടകകാരനും നോവലിസ്റ്റുമായ കെ.ജെ ബേബിയുടെ “മാവേലി മൻറം” എന്ന നോവലിലെ ഒരു കഥാസന്ദർഭത്തെ അവലംബമാക്കിയാണ് നെടുങ്കണ്ടം ബി.എഡ് കോളേജ് രംഗാവതരണം നടത്തിയത്.
അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചാണ് ക്യാമ്പിൽ പങ്കാളികളായത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകാവതരണത്തിനു ശേഷം വിദ്യാർത്ഥികളുടെ സോളോ പെർഫോമൻസും അരങ്ങേറി. ആതിര ഹരി, അഞ്ജലി ആർ പ്രസാദ്, പവിത്ര എസ്, ശിൽപ തോമസ്, ഐശ്യര്യ കെ.എം (ഇംഗ്ലീഷ് ) എന്നിവരുടെ അവതരണം മികച്ച നിലവാരം പുലർത്തി. രാമകൃഷ്ണൻ കുമരനല്ലൂർ, അമ്മു ദീപ, കെ.ടി രാജീവ് എന്നിവരുടെ കവിതകളെ ആസ്പദമാക്കിയാണ് സോളോ പെർഫോമൻസ് നടത്തിയത്. ചെറുകാടിൻ്റെ കഥയായ “ഊണിന് നാലണ”യുടെ 211-മത്തെ പാർത്ഥസാരഥിയുടെ സോളോ പെർഫോമൻസും അരങ്ങേറി. കേരളത്തിലെ അദ്ധ്യാപന രംഗത്തെയും നാടകരംഗത്തേയും ആദ്യ സംരഭമാണ് നെടുങ്കണ്ടം ബിഎഡ് കോളേജിൻ്റെ കാമ്പസ് നാടകപ്രവർത്തനമെന്ന് ഇടുക്കിയുടെ നാടകകാരനായ ഇ ജെ ജോസഫ് പറഞ്ഞു. നാടകത്തിൻ്റെ ആദ്യ പ്രദർശനത്തിൽ നെടുങ്കണ്ടത്തെ ഫെയ്സ് സാംസ്കാരിക സമിതി പ്രസിഡൻറും ഹെഡ്മാസ്റ്ററുമായിരുന്ന ടോം ലൂക്കോസ് മുഖ്യാതിഥിയായിരുന്നു.
വയനാട് പ്രകൃതി ദുരന്തം കെ ജെ ബേബിയുടെ മാവേലി മൻറം എന്നിവ പ്രമേയമാക്കിയ നെടുങ്കണ്ടം ബി.എഡ് കോളേജ് ക്യാമ്പസ് തീയറ്ററിൻ്റെ ഈ നാടകം ഉടൻ തന്നെ വിവിധ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പ്രദർശനം നടത്തും എന്ന് ഡോ.രാജീവ് പുലിയൂർ അറിയിച്ചു. പ്രദർശനത്തിൽ നിന്നും സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ ക്യാമ്പസ് തീയറ്ററിൻ്റെ നാടകങ്ങൾ കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിനകത്തും പുറത്തും യൂണിവേഴ്സിറ്റകളിൽ നിന്നും ക്ഷണമുണ്ടായിരുന്നു. ദേവികുളം ആകാശവാണി റേഡിയോ നിലയം കഴിഞ്ഞ വർഷം ഇടുക്കിയിലെ മുതുവാൻ ആദിവാസി ഗോത്രഭാഷ കൂടി ഉപയോഗിക്കുന്ന അശോകൻ മറയൂരിൻ്റെ കവിതകളെ അസ്പദമാക്കിയ “പച്ച വ്ട് ” എന്ന നാടകം പ്രക്ഷേപണം ചെയ്തു. ഇടുക്കിയുടെ കവിയായ അശോകൻ മറയൂരിൻ്റയും സുകുമാരൻ ചാലിഗദ്ദയുടെയും കവിതകളുടെ രംഗാവിഷ്കാരങ്ങളാണ് മുൻ വർഷങ്ങളിൽ അരങ്ങേറിയത്.
“ചൂറ എറിയാനായ് ഞാനീ മലമുകളിൽ നിൽക്കുകയാണ് ” എന്ന നാടകം ഉണർത്തുന്നത് കേരളത്തിൽ ഒരു പുതിയ കാമ്പസ് സംസ്കാരത്തെയാണ്. അത് യാഥാർത്ഥ്യമാക്കി ആദ്യമായി മുന്നോട്ട് വരുന്നത് ഇടുക്കിയിലെ ഒരു കലാലയമാണ്.
story highlight: Nedumkandam BEd College