എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം, അജന്താ, കോണാർക്ക് സൺ ടെമ്പിൾ, തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം, മഹാബലി പുരത്തെ കല്ലുകളിൽ തീർത്ത വിസ്മയങ്ങൾ, ചാലൂക്യ വാസ്തുവിദ്യാ അത്ഭുതങ്ങളായ ബദാമി, ഐഹോളെ, പട്ടടക്കൽ, തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ സ്മാരകങ്ങൾ ഇന്ത്യയിൽ കാണാൻ സാധിക്കും. ഇവ ഓരോന്നും വാസ്തുവിദ്യാ സാംസ്കാരിക നേട്ടങ്ങളുടെ വലിയ ഉദാഹരണങ്ങളായി ആണ് നിലനിൽക്കുന്നത്. എങ്കിലും ആഗ്രയിലെ, താജ്മഹലിൻ്റെ അതുല്യമായ പദവിക്കും ലോകാത്ഭുതങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും ഇടയായ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ ആർക്കും ഒരു ആകാംക്ഷ ഉണ്ടാകും .
പ്രണയത്തിന്റെയും സൗന്ദര്യത്തിൻ്റെയും പ്രതീകമായി ഉയർന്നു നിൽക്കുന്ന താജ്മഹൽ സമാനതകളില്ലാത്ത ആഗോള അംഗീകാരമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഷാജഹാൻ ചക്രവർത്തി തൻ്റെ ഭാര്യ മുംതാസ് മഹലിൻ്റെ സ്മരണയ്ക്കായി നിർമ്മിച്ച താജ്മഹൽ നശ്വരമായ പ്രണയത്തിന്റെ പ്രതീകമായാണ് ലോകം വാഴ്ത്തുന്നത്. അതിൻ്റെ പിന്നിലെ പ്രണയവും ഇതുവരെ എവിടെയും കണ്ടിട്ടില്ലാത്ത അതിശയകരമായ വാസ്തുവിദ്യയും സംയോജിപ്പിച്ചപ്പോൾ ഇത് ലോകത്തിലെ ഏറ്റവും മികച്ച സ്മാരകങ്ങളിലൊന്നായി മാറി. മറ്റ് ഇന്ത്യൻ സ്മാരകങ്ങൾ, അത്രതന്നെ ശ്രദ്ധേയമാണെങ്കിലും, അന്താരാഷ്ട്ര പ്രശസ്തിയുടെ അതേ നിലവാരം നേടിയിട്ടില്ല എന്നത് ഒരു വലിയ സത്യം തന്നെയാണ്.
താജ്മഹൽ അതിൻ്റെ വിശിഷ്ടമായ മാർബിൾ കൊത്തുപണികൾക്ക് പേരുകേട്ടതാണ്, ഇത് ‘Pietra dura’എന്നറിയപ്പെടുന്നുണ്ട്. ഇതിൽ വിലയേറിയ രത്നങ്ങളും, കല്ലുകളും കൊണ്ട് നിർമ്മിച്ച സങ്കീർണ്ണമായ പുഷ്പങ്ങളുടെ പാറ്റേണുകൾ കൂടി കാണാൻ സാധിക്കും. കാലിഗ്രാഫി, കൊത്തുപണികൾ, മാർബിൾ ലാറ്റിസ് വർക്കുകൾ എന്നിവ അതിൻ്റെ ഭംഗി ഒന്നുകൂടി മികച്ചതാക്കുന്നുണ്ട്.
ഇസ്ലാമിക്, പേർഷ്യൻ, ഓട്ടോമൻ ടർക്കിഷ്, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികളിൽ നിന്നുള്ള ഘടകങ്ങൾ സംയോജിപ്പിച്ച്
മുഗൾ വാസ്തുവിദ്യയുടെ ഒരു മാസ്റ്റർപീസ് തന്നെ ആണ് താജ്മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകത്തിലെ സമമായി പണിതീർത്തിരിക്കുന്ന അതിൻ്റെ ഭാഗങ്ങളും സങ്കീർണ്ണമായ വിശദാംശങ്ങളും ഇതിനെ വാസ്തുവിദ്യാ പൂർണ്ണതയുടെ അസാധാരണ ഉദാഹരണമാക്കി മാറ്റുന്നുണ്ട്.
താജ്മഹൽ വളരെ സൂക്ഷ്‌മമായി സംരക്ഷിക്കപ്പെടുകയും അന്തർദേശീയ സന്ദർശകർക്ക് വളരെ പെട്ടെന്ന് എത്തിച്ചേരാൻ സാധിക്കുന്ന ഒരു പ്രദേശമാക്കി മാറ്റുകയും ചെയ്യുന്നു. ഇതാണ് അതിൻ്റെ ജനപ്രീതിക്ക് കാരണമായി മാറിയത്. മറ്റ് പല ഇന്ത്യൻ സ്മാരകങ്ങളും, അത്രതന്നെ ഗംഭീരമാണെങ്കിലും, അവയൊന്നും തന്നെ ഇത്രത്തോളം ആഗോളതലത്തിൽ അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ഇന്ത്യൻ ഗവൺമെൻ്റും ടൂറിസം ബോർഡുകളും മറ്റ് സ്മാരകങ്ങളെ അപേക്ഷിച്ച് താജ്മഹലിനെ ചരിത്രപരമായി വളരെയധികം പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് അന്താരാഷ്ട്ര യാത്രാ വിവരണങ്ങളിലും മാധ്യമങ്ങളിലും ഒക്കെയുള്ള
അതിൻ്റെ പ്രാധാന്യത്തെ ഉയർത്തി കാണിക്കുന്നതിനും കാരണമായി മാറിയിട്ടുണ്ട്.
ആഗോളതലത്തിൽ ‘ഇന്ത്യ’ എന്ന് ഒരാൾ ചിന്തിക്കുമ്പോൾ അയാളുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന ചിത്രം ഒരുപക്ഷെ താജ്മഹലിന്റെ കൂടി ആയിരിക്കും. ചരിത്രപരമോ വാസ്തുവിദ്യാപരമോ
ആയ പ്രാധാന്യം നിലനിൽക്കേ
മറ്റ് സ്മാരകങ്ങളുടെ കാര്യത്തിൽ
ഇങ്ങനെയൊന്ന് സംഭവിക്കുന്നില്ല എന്നതും ശ്രദ്ധ നേടുന്ന ഒരു കാര്യമാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്മാരകങ്ങളിൽ
ഒന്നായി ആണ് താജ്മഹൽ മാറിയത്. ഓരോ വർഷവും ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റെന്ന നിലയിൽ അതിൻ്റെ
ആഗോള അംഗീകാരവും പദവിയും ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി മാറുന്നതിനും കാരണമായി മാറി.
Story Highlights ; Thajmahal Highlights