India

സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: വിവാദ ഐ.എ.എസ് പ്രൊബേഷണറി ഓഫീസര്‍ പൂജ ഖേദ്കറെ ഇന്ത്യന്‍ അഡ്മിസ്ട്രേറ്റീവ് സര്‍വീസില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. പ്രവേശനം നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഗുരുതരമായ ആരോപണങ്ങള്‍ പൂജ ഖേഡ്കര്‍ നേരിട്ടതിനെ തുടര്‍ന്നാണ് ഒടുവിൽ കേന്ദ്ര സര്‍ക്കാര്‍ ഐഎസ്എസിൽ നിന്ന് പുറത്താക്കികൊണ്ടുള്ള കര്‍ശന നടപടിയെടുത്തത്.

വ്യാജ ഒ.ബി.സി. സര്‍ട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പൂജ ഖേദ്കര്‍ ഉപയോഗിച്ചു എന്ന് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ വഞ്ചനാക്കുറ്റവും ഇവര്‍ക്കെതിരെയുണ്ട്. തുടര്‍ന്ന് പൂജയുടെ ഐ.എ.എസ്. റദ്ദാക്കുകയും യു.പി.എസ്.സി. പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വ്യക്തിഗത വിവരങ്ങള്‍ വ്യാജമായി നല്‍കിയാണ് ഇവര്‍ പലതവണ പരീക്ഷ എഴുതിയതെന്നും യു.പി.എസ്.സി കണ്ടെത്തിയിരുന്നു.

പൂജ ഖേദ്കറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ 2009 മുതല്‍ 2023 വരെയുള്ള 15,000ത്തോളം ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ പരിശോധിച്ചു. ഐ.എ.എസ്. പരീക്ഷ പാസായി സ്‌ക്രീനിങ് പ്രോസസിലുള്ളവരുടെ വിവരങ്ങളാണ് പരിശോധിച്ചത്. പൂജ ഖേദ്കറെ ഇനി മേല്‍ പരീക്ഷ എഴുതുന്നതില്‍നിന്ന് വിലക്കുന്നതായും വേറൊരു പരീക്ഷാര്‍ഥിയും ഇത്തരത്തില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും യു.പി.എസ്.സി. അറിയിച്ചിട്ടുണ്ട്‌.

പുനെയിലെ സബ്കളക്ടറായിരുന്ന പൂജയുടെ അധികാര ദുർവിനിയോ​ഗം വാർത്തയായതിനെ തുടർന്നാണ് സംഭവങ്ങൾ പുറത്തായത്. തുടർന്ന് ഇവരെ സ്ഥലം മാറ്റുകയും ചെയ്തു. പിന്നാലെ ഇവരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയർന്നു. തുടർന്ന് മുസൂറിയിലെ ലാൽ ബഹാദുർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ പൂജയെ തിരിച്ചുവിളിച്ചു.

ട്രെയിനിംഗ് നിർത്തി തിരികെ എത്താനായിരുന്നു നിർദ്ദേശം. ജൂലൈ 16ന് സംസ്ഥാന സർക്കാരിനൊപ്പമുള്ള പൂജയുടെ ട്രെയിനിംഗ് അവസാനിപ്പിച്ചതായി മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി നിതിൻ ഗഡ്രേ വ്യക്തമാക്കിയിരുന്നു. 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ. ദില്ലി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗം പൂജയ്ക്കെതിരെ വ്യാജ രേഖ ചമച്ചതിന് കേസ് എടുത്തിട്ടുണ്ട്. വ്യാജ വൈകല്യ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാണ് അർഹമായതിലും കൂടുതൽ തവണ ഇവർ യുപിഎസ്സി പരീക്ഷ എഴുതിയത്.

യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ചട്ടങ്ങൾ അനുസരിച്ച്, ഒരു ട്രെയിനിക്ക് ചുവന്ന-നീല ബീക്കൺ ലൈറ്റ്, വിഐപി നമ്പർ പ്ലേറ്റ്, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നീ സൗകര്യങ്ങൾ നൽകില്ലെന്നിരിക്കെ ഇത്തരം ആവശ്യങ്ങൾ ഇവർ ഉന്നയിച്ചിരുന്നു. ഇതിന് പുറമേ തൻ്റെ സ്വകാര്യ ഓഡി കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഇവർ ഉപയോഗിച്ചതും സ്വകാര്യ കാറിൽ ‘മഹാരാഷ്ട്ര സർക്കാർ’ എന്ന ബോർഡും സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു.