കൊച്ചി: സിനിമ നയ രൂപീകരണത്തിനായി സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവിനെതിരെ നടി രഞ്ജിനി രംഗത്ത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമ കോണ്‍ക്ലേവിനെതിരെ നടി രഞ്ജിനി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. എന്തിനാണ് സിനിമ കോണ്‍ക്ലേവെന്നും വെറുതെ പൊതുജനത്തിന്റെ പണവും സമയവും കളയരുതെന്നും നടി രഞ്ജിനി തുറന്നടിച്ചു.
കോൺക്ലേവ് വിളിച്ച് ചർച്ച ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുകയാണ് വേണ്ടത്. അത് കൈവശം വെച്ചിട്ട് സമയം പാഴാക്കരുതെന്നും രഞ്ജിനി മീഡിയവണിനോട് പറഞ്ഞു.
ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയത് വിഡ്ഢിത്തമായിപ്പോയെന്ന് തോന്നുന്നുവെന്ന് രഞ്ജിനി പറഞ്ഞു. തന്റെ സമയം വെറുതെ കളഞ്ഞു. നടപടിയൊന്നും ഉണ്ടാവുന്നില്ല. മൊഴി കൊടുത്തവർക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. നടപടികളിലേക്ക് കടക്കാത്തതുകൊണ്ട് മൊഴി കൊടുത്തവർ പേടിച്ചിരിക്കേണ്ട അവസ്ഥയാണ്. വളരെ സെൻസിറ്റീവായ വിഷയത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെന്നും അവർ കുറ്റപ്പെടുത്തി.
ജസ്റ്റിസ് ഹേമയുടെ വാക്കുകൾക്ക് വിലയില്ലേയെന്നും സിനിമക്കാരുടെ വാക്കുകൾക്കാണോ ജഡ്ജിയുടെ കണ്ടെത്തലാണോ ശക്തമെന്നും രഞ്ജിനി ചോദിച്ചു. നിയമനിർമാണത്തിനായി സർക്കാർ തയ്യാറാകണമെന്ന് നടി ആവശ്യപ്പെട്ടു. കോൺക്ലേവ് റദ്ദാക്കി നിയമം നടപ്പാക്കണമെന്ന് രഞ്ജിനി പറഞ്ഞു. കോൺക്ലേവിന് ക്ഷണം ലഭിച്ചാലും പങ്കെടുക്കില്ല.
അമ്മ തലപ്പത്തേക്ക് ഒരു സ്ത്രീ വരട്ടെയെന്നും മാറ്റം അനിവാര്യമാണെന്നും നടി പറയുന്നു. സിനിമ മേഖലയിൽ നടക്കുന്ന കാര്യങ്ങൾ ആ റിപ്പോർട്ടിൽ ഉണ്ട്. ഇനി എന്തിനാണ് അതിൽ ഒരു ചർച്ച. പകരം അതിലെ ശുപാർശകൾ നടപ്പാക്കുകയാണ് വേണ്ടതെന്ന് രഞ്ജിനി പറഞ്ഞു. ട്രൈബ്യൂണലെന്ന് ആവശ്യത്തിലേക്ക് സർക്കാർ കടക്കണമെന്നും അതിനായി ശക്തമായി പോരാടുമെന്നും നടി രഞ്ജിനി വ്യക്തമാക്കി.