കൽപ്പറ്റ: തലപ്പുഴ റിസര്‍വ് വനത്തില്‍ നിന്നും മരം മുറിച്ച് കടത്തിയ സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ റിപ്പോര്‍ട്ട് തേടി. വനംവകുപ്പ് വിജിലന്‍സ് സിസിഎഫിനോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.
റിസര്‍വ് വനത്തില്‍ നിന്നും വനപാലകർ അനുമതിയില്ലാതെ 73 മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് കേസ്. ആഞ്ഞിലി, കരിമരുത, വെണ്ണമീട്ടി തുടങ്ങിയ മരങ്ങളാണ് കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യാതൊരു അനുമതിയും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും തേടിയിട്ടില്ല.
സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ഡി എഫ് ഒ. ചീഫ് കൺസർവേറ്റർ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിലാണ് മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.
30 സെന്റീമീറ്ററിലധികം വലുപ്പമുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെങ്കില്‍ ഡിഎഫ്ഒയുടെ അനമുതി വേണം. അഞ്ച് മരങ്ങളിലധികം മുറിക്കണമെങ്കില്‍ സിസിഎഫിന്റെ അനുമതി വേണമെന്നുമാണ് നിയമം. എന്നാൽ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് തലപ്പുഴയിൽ നിന്ന് മരം മുറിച്ചത്.
കഴിഞ്ഞ 29നാണ് നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റേഞ്ചിൽ ഉള്‍പ്പെട്ട 43, 44 ഡിവിഷനിൽ നിന്നും മരം മുറിച്ച് കടത്തിയത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഫെന്‍സിംഗ് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ മറവിലാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്.
തലപ്പുഴ മരംമുറിയില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി ഡിഎഫ്ഒ ഓഫീസേക്ക് ഇന്ന് മാർച്ച് നടത്തി. വനത്തില്‍ വിറകെടുക്കുന്നവർക്കെതിരെ പോലും കുറ്റം ചുമത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ ചെയ്ത് കുറ്റത്തിന് കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വയനാട് യുവമോർച്ചയും സംഭവത്തില്‍ വനംവകുപ്പിനെ കുറ്റപ്പെടുത്തി. അനുമതി ഇല്ലാതെ മരം മുറിച്ചതിനെ പുറമെ വനംവകുപ്പ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന തടികളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് കൂടി കണ്ടെത്തിയാല്‍ കടുത്ത നടപടിക്കാകും വഴിയൊരുങ്ങുക.