തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ ഡിജിപിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിനെയും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു.
എ.ഡി.ജി.പിക്കെതിരായ അന്വേഷണ വിവരങ്ങൾ ഡി.ജി.പി. ഷേക്ക് ദര്‍വേശ് സാഹിബ് മുഖ്യന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ജോൺ ബ്രിട്ടാസ് എം.പിയും പങ്കെടുക്കുന്നുണ്ട്.
എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായക കൂടിക്കാഴ്ചയുണ്ടായത്. അതിനിടെ എഡിജിപി ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്ത് വന്നു. സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിക്ക് അജിത് കുമാർ നൽകിയ വിശദീകരണം.
ഇതിനെതിരേ പ്രതിപക്ഷം ശക്തമായ വിമർശനം ഉയർത്തിയിരുന്നു. ഇതുകൂടാതെ ഭരണപക്ഷ എം.എൽ.എ. കൂടിയായ പി.വി. അൻവർ, അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും അടക്കം പരാതി നൽകുകയും ചെയ്തിരുന്നു. ആർ.എസ്.എസ്. നേതാക്കളായ രാം മാധവിനേയും ദത്താത്രേയ ഹൊസബലെയും നേരിട്ട് കണ്ട ഒരു എ.ഡി.ജി.പിയെ ഇനിയും ആ സ്ഥാനത്ത് തുടരാൻ അനുവദിക്കേണ്ടതുണ്ടോ എന്ന കാര്യവും പാർട്ടിയിൽ ഉയരുന്നുണ്ട്. രാഷ്ട്രീയപരമായി വലിയതോതിൽ പ്രതിരോധത്തിലാണ് ഇപ്പോൾ സി.പി.എം. ഇതിനിടെയാണ് മുഖ്യമന്ത്രിയും ഡി.ജി.പിയും നിർണായക കൂടിക്കാഴ്ച നടത്തുന്നത്.
അതേസമയം എഡിജിപി അജിത് കുമാർ നാലു ദിവസത്തെ അവധിക്ക് അപേക്ഷ നൽകി. സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാൽ 14 മുതൽ അവധി അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്.
2023 മെയ് 22ന് തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിലെ ആർഎസ്എസ് ക്യാമ്പിനിടെയായിരുന്നു വിവാദമായ കൂടിക്കാഴ്ച. സുഹൃത്തും ആർഎസ്എസിന്റെ കീഴിലെ വിജ്ഞാനഭാരതിയുടെ പ്രമുഖനുമായ ജയകുമാറിനൊപ്പമാണ് സന്ദർശൻമെന്നാണ് വിശദീകരണം. ജയകുമാറിൻറെ ക്ഷണപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നാണ് അറിയിച്ചത്.