India

9 ദിവസം പ്രായമായ പെൺകുഞ്ഞിനെ മാതാപിതാക്കള്‍ വിഷം കൊടുത്ത് കൊന്നു; സംഭവം തമിഴ്‌നാട്ടില്‍

ചെന്നൈ: തമിഴ്നാട്ടിൽ പിഞ്ചു കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു. ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്നാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ വെല്ലൂർ വെപ്പങ്കുപ്പം സ്വദേശി ജീവ, ഭാര്യ ഡയാന എന്നിവർ അറസ്റ്റിലായി.

രണ്ടാമതും പെൺകുഞ്ഞ് ജനിച്ചത് കൊലയ്ക്ക് കാരണം. കുഞ്ഞിനെ കൊലപ്പെടുത്തിയത് പപ്പായ മരത്തിന്റെ പാൽ നൽകി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ടു.

കുട്ടിയുടെ വായിൽ നിന്ന് ചോര വന്നുവെന്നും അബോധാവസ്ഥയിലായി പിന്നാലെ മരിച്ചെന്നുമാണ് ഡയാന അവരുടെ അച്ഛനോട് പറഞ്ഞത്. സംശയം തോന്നിയ ഡയാനയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി.

പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മുങ്ങിയ ഡയാനയും ഭര്‍ത്താവും പഞ്ചായത്ത് സെക്രട്ടറിയെ രഹസ്യമായി കണ്ട് സഹായം തേടി. പഞ്ചായത്ത് സെക്രട്ടറി പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പ്രതികൾ വലയിലായത്. മറവുചെയ്തിരുന്ന മൃതദേഹേം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. മൂത്തമകളെ സര്‍ക്കാർ സംരക്ഷണയിലേക്ക് മാറ്റി. ഗ്രാമത്തിൽ അടുത്തിടെ പല പെൺകുഞ്ഞുങ്ങളും മരിച്ചിട്ടുണ്ട്. എല്ലാത്തിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടികൾ ബാധ്യതയാണെന്ന് കരുതുന്നവർ ഉണ്ടെങ്കിൽ സർക്കാരിന് കൈമാറണമെന്നന് ജില്ലാ കളക്ടർ അറിയിച്ചു.