കർണാടക – ഗോവ അതിർത്തിയിൽ മറഞ്ഞിരിക്കുന്ന ഒരു വെള്ളച്ചാട്ടം. കർണാടകയിലെ വെനിസ്വേല എന്നാണ് ഇത് അറിയപ്പെടുന്നത്. ബെൽഗാമിലെ പശ്ചിമഘട്ട കാടുകൾക്കുള്ളിൽ പ്രകൃതി ഒളിപ്പിച്ചിരിക്കുന്ന അത്ഭുതമാണ് സുരൽ അഥവാ സുർല വെള്ളച്ചാട്ടം. ഈ പാലരുവിക്ക് ചുറ്റും കങ്കുമ്പി വനമേഖലയാണ്. 300 അടി ഉയരത്തിൽ നിന്നും താഴേയ്ക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ എല്ലാ മനോഹാരിതയും ആസ്വദിക്കാൻ പറ്റിയ സമയം മഴക്കാലം തന്നെ. വർഷം മുഴുവനും സുന്ദരിയായൊഴുകുന്ന ഈ വെള്ളച്ചാട്ടം മഴക്കാലം ആകുമ്പോൾ എല്ലാ സൗന്ദര്യവും ആവാഹിച്ച് ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ബെൽഗാമിലെ ഖാനാപൂരിൽ സ്ഥിതി ചെയ്യുന്ന കർണാടകയിലെ നിരവധി വെള്ളച്ചാട്ടങ്ങളിൽ ഒന്നാണിത്. പക്ഷേ ഗോവയിലെ പനാജിയിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ മണ്ഡോവി നദിയായി അവസാനിക്കുന്ന മഹാദായി നദി എന്നറിയപ്പെട്ട കൽസ നദിയാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉറവിടം. സഞ്ചാരികളിൽ അധികം പേരും ഈ സുന്ദര വെള്ളച്ചാട്ടത്തെ ഇന്നും തിരിച്ചറിഞ്ഞിട്ടില്ല.
ചുറ്റും മൂടൽമഞ്ഞ്, പച്ചനിറത്തിലെ താഴ്വാരത്തിലേക്കു പാൽ നിറത്തിലെ വെള്ളം പോലെ. മനസ്സിൽ ഇങ്ങനെയൊരു ചിത്രം സങ്കൽപ്പിച്ചു നോക്കിയാൽ മതി അടുത്ത വണ്ടിയെടുത്തു നിങ്ങൾ അങ്ങോട്ടേക്കു പോകും. കർണാടക വനാന്തരങ്ങളിൽ അറിയപ്പെടുന്ന ട്രക്കിങ് പ്രദേശം കൂടിയാണ് ഇവിടം. ഈ ട്രെക്കിങ് പാതകൾ കാടിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി കാടകങ്ങൾ കാണാനും പരിചയപ്പെടാനും നിങ്ങളെ സഹായിക്കും. ഗോവയുടെയും കർണാടക സംസ്ഥാനത്തിന്റെയും അതിർത്തിയിലുള്ള പശ്ചിമഘട്ടത്തിന്റെ അരികിലാണ് സുർല വെള്ളച്ചാട്ടം. ഔദ്യോഗികമായി ഇത് ഗോവ സംസ്ഥാനത്തെ സുർല ഗ്രാമത്തിലാണ്. പക്ഷേ വിചിത്രമെന്നു പറയട്ടെ, ഈ ഗ്രാമം പശ്ചിമഘട്ടത്തിന്റെ മുകളിലായതിനാൽ കർണാടകയുടെ പേരിൽ അറിയപ്പെടുന്നു. മൺസൂൺ കാലത്ത്, വെള്ളച്ചാട്ടം അതിന്റെ പൂർണ്ണതയിൽ ആയിരിക്കുമ്പോൾ, സുർള ഗ്രാമത്തിൽ നിന്നു വെള്ളച്ചാട്ടം കാണാൻ കഴിയും.
വ്യൂ പോയിന്റ് വരെ സുഖകരമായ ഡ്രൈവ് ആണ്. മലമുകളിലെ പനോരമിക് വ്യൂപോയിന്റിൽ പ്രവചനാതീതമല്ലാത്ത മഴ പെയ്യുന്നതൊഴിച്ചാൽ, വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ വലിയ ബുദ്ധിമുട്ടുകളില്ല. സുർല വെള്ളച്ചാട്ടത്തിലേക്ക് എത്താൻ നിങ്ങൾ കൽസ റൂട്ടാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അത്ഭുതങ്ങൾ വേറെയുമുണ്ട് അവിടെ നിങ്ങൾക്കായി. പോകുംവഴി മറ്റൊരു മനോഹരമായ വെള്ളച്ചാട്ടം നിങ്ങൾക്കിവിടെ ആസ്വദിക്കാം അത് കൽസ വെള്ളച്ചാട്ടമാണ്. ഈ റൂട്ടിലെ അവസാന സ്റ്റോപ്പിലെ വ്യൂപോയിന്റ് യഥാർത്ഥത്തിൽ ഗോവ മാഡി വന്യജീവി സങ്കേതത്തിനകത്താണ്. അതേസമയം വെള്ളച്ചാട്ടങ്ങൾ കർണാടകയിലും. ഇത് ശരിക്കും രണ്ട് സംസ്ഥാനങ്ങൾക്കിടയിലൂടെയുള്ള അടിപൊളി ഒരു യാത്ര കൂടിയായിരിക്കും.
STORY HIGHLLIGHTS : The trek to the waterfall is about 90 minutes long and is moderately challenging