തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന് കീഴിലെ 44 വാർഡുകൾ മൂന്നു ദിവസമായി നേരിട്ട കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. റെയിൽവേയുടെ പാത ഇരട്ടിപ്പിക്കലിൻ്റെ ഭാഗമായി നിർത്തിവെച്ച ജലവിതരണം ഞായറാഴ്ച രാവിലെ പൂർണമായും പുനസ്ഥാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജലവിതരണം മുടങ്ങിയ സാഹചര്യം മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി.
ഇന്ന് രാത്രിയോടെ പണി പൂർത്തിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പമ്പിങ് ആരംഭിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും ഞായറാഴ്ച രാവിലെ വെള്ളമെത്തുമെന്നും മന്ത്രി പറഞ്ഞു. കോർപറേഷൻ വാർഡുകളായ പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപ്പള്ളി, ബീമാപ്പളളി കിഴക്ക്, മാണിക്യവിളാകം, മുട്ടത്തറ, പുഞ്ചക്കരി, പൂജപ്പുര, കരമന, അരന്നൂർ, മുടവൻമുകൾ, നെടുമങ്ങാട്, കാലടി, പാപ്പനംകോട്, മേലാംകോട്, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നക്കമുകൾ, തിരുമല, വലിയവിള, പിടിപി നഗർ, കൊടുങ്ങന്നൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുമൂല എന്നിവിടങ്ങിലാണ് ജലവിതരണം പൂർണമായും മുടങ്ങിയത്.
ശ്രീവരാഹം, അമ്പലത്തറ, മണക്കാട്, കുര്യാത്തി, വള്ളക്കടവ്, കമലേശ്വരം, തിരുവല്ലം, പൂങ്കുളം, പാളയം, വഞ്ചിയൂർ, കുന്നുകുഴി, പട്ടം എന്നീ വാർഡുകളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെട്ടു.
കെആർഎഫ്ബിയുടെ പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളെ തുടർന്ന് കുടിവെള്ള വിതരണം തടസ്സപ്പെട്ട വഴുതക്കാട്, തൈക്കാട് വാർഡുകളിലെ കുടിവെള്ള വിതരണം പൂർവസ്ഥിതിയിലേക്ക് ആക്കുന്നതിലേക്കായി നടത്തുന്ന രണ്ട് ഇന്റർകണക്ഷൻ പ്രവൃത്തികൾ ഈ മാസം പന്ത്രണ്ടാം തീയതിയോടെ പൂർത്തിയാക്കും. അതുവരെ 10 ടാങ്കറുകളിൽ ഈ പ്രദേശത്ത് നഗരസഭയുടെ നേതൃത്വത്തിൽ ശുദ്ധജല വിതരണം നടത്തും. നിലവിൽ 14 ടാങ്കറുകൾ നഗരത്തിൽ കുടിവെള്ള വിതരണം നടത്തുന്നുണ്ട്. ടാങ്കറുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് വാട്ടർ അതോറിറ്റിയുടെ 5 വെൻഡിങ് പോയിന്റുകളിൽ നിന്ന് ടാങ്കറുകൾക്ക് വെള്ളം നൽകും.
കഴക്കൂട്ടം മേഖലയിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി അമൃത് രണ്ട് പദ്ധതി പ്രകാരമുള്ള പ്രവൃത്തി കരാറിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും. ഓണം നാളുകളിൽ ഈ മേഖലയിൽ നഗരസഭയിലെ ടാങ്കറുകൾക്ക് പുറമെ വാട്ടർ അതോറിറ്റി 10 ടാങ്കറുകളിൽ കൂടി കുടിവെള്ളമെത്തിക്കും. എഡിബി വായ്പ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിൽ ആവശ്യമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് നഗരസഭ തയ്യാറാക്കിയ ആയിരം കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനമായി.
അതേസമയം നഗരത്തിൽ ജലവിതരണം മുടങ്ങിയതിൽ വാട്ടർ അതോറിറ്റിക്ക് വീഴ്ചപറ്റിയെന്ന് യോഗം വിലയിരുത്തി. റെയിൽവേ പാത ഇരട്ടിപ്പിക്കലിൻ്റെ ഭാഗമായി ജലവിതരണം മുടങ്ങുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ വാട്ടർ അതോറിറ്റിക്ക് വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ.