പോര്‍ച്ചുഗലിലെ ഏറ്റവും പ്രശസ്തമായ കടല്‍ത്തീര റിസോര്‍ട്ട് പട്ടണമാണ് നസാരെ. ബൈബിള്‍ നഗരമായ നസ്രെത്തിന്‍റെ പോര്‍ച്ചുഗീസ് പതിപ്പാണ് ഈ പേര്. നാലാം നൂറ്റാണ്ടിൽ ഒരു സന്യാസി, സ്പെയിനിലെ മെറിഡ നഗരത്തിനടുത്തുള്ള ഒരു ആശ്രമത്തിലേക്ക് കൊണ്ടുവന്ന കന്യാമറിയത്തിന്‍റെ ചെറിയ തടി പ്രതിമയിൽ നിന്നാണ് നഗരത്തിന് ഈ പേര് ലഭിച്ചത് എന്നു പറയപ്പെടുന്നു, ഈ പ്രതിമ പിന്നീട് നസാരെ നഗരത്തില്‍ എത്തി. വൈക്കിങ്ങുകളുടെയും കടല്‍ക്കൊള്ളക്കാരുടെയും നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രമുറങ്ങുന്ന ഭൂമിയാണിത്. എന്നാല്‍, ഇവിടം അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും അപകടകരമായ തിരമാലകള്‍ ഉള്ള പ്രദേശം എന്നാണ്. അപകടം പതിയിരിക്കുന്ന കടലില്‍ സര്‍ഫിങ് നടത്തുന്ന ത്രില്‍ തേടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ സഞ്ചാരികളും ഇവിടേക്ക് എത്തുന്നു.കടലിലെ വെള്ളത്തിനടിയിലുള്ള നസാരെ മലയിടുക്കിന്‍റെ സാന്നിധ്യം മൂലം, വളരെയധികം ഉയരമുള്ള തിരമാലകളാണ് നസാരെയില്‍ ഉണ്ടാകുന്നത്.
മലയിടുക്കിൽ നിന്ന് വരുന്ന സമുദ്രജലപ്രവാഹം, പ്രാദേശിക ജലപ്രവാഹവുമായി ചേർന്ന് തിരമാലകളുടെ ഉയരം അസാധാരണമായി കൂടുന്നു.ഈ ഭീമന്‍ തിരമാലകളില്‍ സര്‍ഫിങ് നടത്താനായി ധാരാളം സാഹസികസഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു. ഒട്ടേറെ സര്‍ഫിങ് റെക്കോഡുകള്‍ക്കും ഇവിടം അരങ്ങൊരുക്കി. 2020 ഒക്ടോബറിൽ, ജർമൻ സർഫറായ സെബാസ്റ്റ്യൻ സ്റ്റ്യൂഡ്നർ എന്നയാള്‍ ഏകദേശം 26.2 മീറ്റർ ഉയരത്തിലുള്ള തിരമാലയില്‍ സര്‍ഫിങ് നടത്തി, ലോകത്തിലെ ഏറ്റവും ഭീമാകാരമായ തിരമാലയിലെ സര്‍ഫിങ്ങിനുള്ള ഗിന്നസ് റെക്കോഡ് നേടി.
എത്ര വലിയ തിരമാല വന്നാലും ചങ്കുറപ്പോടെ നേരിടുന്ന മത്സ്യത്തൊഴിലാളികളാണ് നൂറ്റാണ്ടുകളായി നസാരെയിലെ പ്രാദേശിക ജനത. എന്നാല്‍ ഇതു കണ്ട് എളുപ്പമാണെന്ന് കരുതി ഇവിടുത്തെ തിരമാലകളിലേക്ക് ഇറങ്ങിയാല്‍ പണികിട്ടും! അങ്ങേയറ്റം പരിശീലനം ഉള്ള ഒരാള്‍ക്ക് മാത്രമേ കനത്ത തിരമാലകള്‍ ഉള്ള സമയത്ത് ഇവിടെ നിന്നും ജീവനോടെ തിരിച്ച് കരയിലേക്ക് എത്തിച്ചേരാനാവൂ. മുന്‍പ്, ഇവിടെ ഇറങ്ങിയ ആളുകള്‍ക്ക് അപകടം ഉണ്ടായ ചരിത്രമുണ്ട്. ലോകത്തെ തന്നെ ഏറ്റവും മികച്ച സര്‍ഫിങ് വിദഗ്ദ്ധരിലൊരാളായ ബ്രസീലിയൻ സർഫർ, മാർസിയോ ഫ്രെയർ ഇവിടുത്തെ തിരമാലകളില്‍പ്പെട്ട് ജീവന്‍ വെടിഞ്ഞിരുന്നു. എല്ലായ്പ്പോഴും തിരമാലകള്‍ ഭീമാകാരമായിക്കൊള്ളണം എന്നില്ല എന്നതാണ് മറ്റൊരു കാര്യം. അധികം തിരകള്‍ ഇല്ലാത്ത സമയത്ത് പേടികൂടാതെ കടലിലേക്ക് ഇറങ്ങാനാവും.
കാലങ്ങളായി മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്ന ആളുകളാണ് നസാരെയില്‍ ഉള്ളത്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ നസാരെയുടെ തലവര തെളിഞ്ഞു. അന്താരാഷ്ട്ര സഞ്ചാരികള്‍ ഒട്ടേറെ എത്തിച്ചേരുന്ന ഇടമായി നസാരെ മാറി. അറ്റ്ലാന്റിക് തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഈ കടല്‍ത്തീരഗ്രാമം, വളരെപ്പെട്ടെന്നു തന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറി.പോര്‍ച്ചുഗലിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളാണ് ഇവിടെ ഉള്ളതെന്ന് പറയപ്പെടുന്നു. ഇവിടെയുള്ള മത്സ്യത്തൊഴിലാളികൾ ധരിക്കുന്ന പരമ്പരാഗത വസ്ത്രങ്ങളും സ്ത്രീകൾ ധരിക്കുന്ന എംബ്രോയ്ഡറി ചെയ്ത ഏപ്രണും വ്യത്യസ്ത നിറങ്ങളിലുള്ള പാവാടകളുമെല്ലാം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സഞ്ചാരികളെ ബീച്ചുകളില്‍ ഉടനീളം കാണാം.
ഓസ്റ്റെ പ്രവിശ്യയുടെ തീരപ്രദേശത്ത്, പോർച്ചുഗലിന്‍റെ മിഡ്‌വേ ഏരിയയിൽ ഗലീഷ്യയുടെയും അൽഗാർവെയുടെയും അതിർത്തിയിലാണ് നസാരെ സ്ഥിതി ചെയ്യുന്നത്. ലീരിയ എന്ന സ്ഥലമാണ് ഏറ്റവും അടുത്തുള്ള പ്രധാന നഗരം. ചുറ്റുമുള്ള പ്രദേശം ‘സിൽവർ കോസ്റ്റ്’ എന്നാണ് അറിയപ്പെടുന്നത്.നസാരെയിലെ ഒരു പ്രധാനകാഴ്ചയാണ് ഔവർ ലേഡി ഓഫ് നസറെ ദേവാലയം. മതപരമായ പ്രാധാന്യമുള്ള ഈ പള്ളിയില്‍ വര്‍ഷംതോറും ഉത്സവങ്ങള്‍ നടക്കുന്നു. കൂടാതെ, ഡോക്ടർ ജോക്വിം മാൻസോ ഫോക്ക് ആൻഡ് ആർക്കിയോളജിക്കൽ മ്യൂസിയം, റെയ്റ്റർ ലൂയിസ് നെസിയുടെ സേക്രഡ് ആർട്ട് മ്യൂസിയം, ഫിഷർമാൻ ഹൗസ്-മ്യൂസിയം, നസാരെ ബുൾറിംഗ്, നസരെ കൾച്ചറൽ സെന്റർ എന്നിവയും ഇവിടുത്തെ ആകര്‍ഷണങ്ങളില്‍പ്പെടുന്നു.
STORY HIGHLLIGHTS : The world’s biggest wave Nazare in Portugal