ന്യൂഡല്‍ഹി: 4ജി സര്‍വീസിനൊപ്പം ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 84 ദിവസത്തേക്ക് ആകെ 252 ജിബി ഡാറ്റ നല്‍കുന്ന പ്ലാനാണ് ബിഎസ്എന്‍എല്‍ പുറത്തിറക്കിയിരിക്കുന്നത്. 599 രൂപയാണ് ഇതിനായി മുടക്കേണ്ടത്. ദിവസേന 3 ജിബി അതിവേഗ ഡാറ്റയാണ് ഈ പാക്കേജ് പ്രകാരം ബിഎസ്എന്‍എല്‍ ഉപഭോക്താക്കിന് ലഭിക്കുക. പരിധിയില്ലാതെ വോയിസ് കോളുകളും ഈ പ്ലാനില്‍ ലഭിക്കും. ഒപ്പം ദിനംപ്രതി 100 സൗജന്യ എസ്എംഎസും ലഭിക്കും.
ദിവസേന മൂന്ന് ജിബി ഡാറ്റ വീതം ലഭിക്കുന്ന ഈ പാക്കേജിനായി ഒരു മാസം 214 രൂപ മാത്രമാണ് ചിലവ് വരുന്നത്. മണ്‍സൂണ്‍ ഓഫറുമായും ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരുന്നു. 499 രൂപ നല്‍കേണ്ടിയിരുന്ന അടിസ്ഥാന പ്ലാനിന്റെ വില 100 രൂപ കുറച്ച് 399 ആക്കിയിരുന്നു് കമ്പനി. പരിമിത കാലത്തേക്കുള്ള ഓഫറായിരുന്നു ഇത്. ഇന്ത്യയില്‍ 15,000ത്തിലധികം ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിച്ചതായി ടെലികോം മന്ത്രാലയം ഏതാനം മാസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. മറ്റ് ടവറുകളും 4ജിയിലേക്ക് പുതുക്കുന്ന നടപടിയുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ മുന്നോട്ടുപോകുകയാണ്. ഒക്ടോബര്‍ അവസാനത്തോടെ 80,000 ടവറുകള്‍ 4ജിലേക്ക് മാറ്റാനാണ് ബിഎസ്എന്‍എല്‍ തീരുമാനിച്ചിരിക്കുന്നത്.
2025 മാര്‍ച്ചോടെ 21,000 ടവറുകള്‍ കൂടി 4ജിയാവും. ഇതോടെ ഒരുലക്ഷം ബിഎസ്എന്‍എല്‍ ടവറുകള്‍ രാജ്യമെമ്പാടും 4ജി നെറ്റ്വര്‍ക്ക് എത്തിക്കും. അതേസമയം ടവറുകള്‍ 4ജി നെറ്റ്വര്‍ക്കിലേക്ക് മാറ്റുന്നതിനൊടൊപ്പം തന്നെ 5ജി സാങ്കേതികവിദ്യയും സാധ്യമാക്കാനുള്ള നടപടികളിലാണ് ബിഎസ്എന്‍എല്‍. 2025ഓടെ ബിഎസ്എന്‍എല്‍ രാജ്യത്ത് 5ജി വ്യാപിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
STORY HIGHLIGHTS: BSNL New plan