കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ സാക്ഷി വിസ്താരം നാളെ ആരംഭിക്കും. കേസിലെ ആദ്യ 50 സാക്ഷികളെയാണ് ആദ്യ ഘട്ടത്തിൽ വിസ്തരിക്കുക. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് കേസ് പരിഗണിക്കുക.
2023 മേയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി പൊലീസ ആശുപത്രയിലെത്തിച്ച പ്രതി സന്ദീപാണ് ഡോ. വന്ദനയെ കൊലപെടുത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ ഇരുപത്തിനാല് ദൃക്‌സാക്ഷികൾ ഉൾപ്പെടെ 136 പേരാണ് സാക്ഷിപട്ടികയിലുള്ളത്.
കുറ്റപത്രം സമർപ്പിച്ച കേസിൽ വേഗത്തിൽ വാദം തുടങ്ങണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് നടപടികൾ. കേസിലെ ഒന്നാം സാക്ഷിയായ വന്ദനയുടെ സഹപ്രവർത്തകൻ ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുക. തുടർന്ന് കേസിലെ ആദ്യ 50 സാക്ഷികളെ ഒന്നാംഘട്ടത്തിൽ വിസ്തരിക്കും. 34 ഡോക്ടർമാരെയാണ് കേസിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോ സിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ ഹാജരാകും. കേരളത്തിൽ നടന്ന കൊലപാതക കേസുകളിൽ ഏറ്റവും അധികം ഡോക്ടർമാർ പ്രോസിക്യൂഷൻ സാക്ഷികളാകുന്നു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.