ഇടുക്കി: നടൻ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പൊലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ബാബുരാജിന്‍റെ ആലുവയിലെ വീട്ടിൽ വെച്ചും റിസോർട്ടിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയർ ആർടിസ്റ്റാണ് പരാതി നൽകിയത്. തുടർന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തിരുന്നു. ബാബുരാജിൻ്റെ ഇരുട്ടുകാനത്തുളള റിസോർട്ടിൽ വച്ചും ആലുവയിലെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് യുവതി ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. യുവതിയിൽ നിന്ന് ഫോൺ വഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടി ബാബുരാജിൻ്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു.
അതിനിടെ നടൻ ബാബുരാജിനെതിരെ ഉയർന്ന ലൈംഗിക പീഡനം ആരോപണം മറച്ച് വെച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എസ് പി ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതിയെത്തി. പരാതിക്കാരിയുടെ വെളിപ്പെടുത്തലിൽ വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരൻ കുറ്റം മറച്ച് വെച്ചെന്നാണ് കൊച്ചിയിലെ അഭിഭാഷകനായ അഡ്വ. ബൈജു നോയലിന്‍റെ പരാതി. 2019 ൽ നടന്ന കുറ്റകൃത്യം വർഷങ്ങൾക്ക് ശേഷം 2023ൽ കൊച്ചി ഡിസിപി ആയിരുന്ന ശശിധരനോട് പറഞ്ഞിരുന്നതായാണ് യുവതി വ്യക്തമാക്കുന്നത്.
പരാതിയെ പറ്റി തനിക്കറിയാമായിരുന്നുവെന്ന് ഇപ്പോൾ മലപ്പുറം എസ്‌പി ആയ ശശിധരനും സമ്മതിച്ചിരുന്നു. കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കുന്നതിൽ വീഴ്ച സംഭവിച്ചതിൽ ക്രിമിനൽ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് യുവതി നേരത്തെ പരാതി നൽകാൻ തയ്യാറായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതാണ് കാര്യങ്ങൾ തുറന്ന് പറയാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് യുവതി പറഞ്ഞത്.