ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയപാർട്ടിയായ തമിഴക വെട്രി കഴകത്തിന് അംഗീകാരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് കമ്മിഷന്‍ ടിവികെയെ ഔദ്യോഗികമായി അറിയിച്ചു. ടിവികെ തന്നെയാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന് പ്രതികരിച്ച വിജയ് ആദ്യ വാതിൽ തുറന്നുവെന്നും പറഞ്ഞു.
എല്ലാവരേയും ഒരുപോലെ കാണുന്ന ഒരു രാഷ്ട്രീയമാണ് ലക്ഷ്യമെന്ന് നടന്‍ വിജയ് വ്യക്തമാക്കി. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ താന്‍ ഇല്ലാതാക്കുമെന്നും നടന്‍ ആവര്‍ത്തിച്ചു. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയാണെന്നും പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഈ മാസം 23ന് നടത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
പാര്‍ട്ടി പതാകയും പുറത്തിറക്കിയിരുന്നു. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകള്‍ നില്‍ക്കുന്ന ചിഹ്നവും പതാകയിലുണ്ട്. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാര്‍ട്ടി പ്രഖ്യാപിച്ചത്.
അതേസമയം പതാക അനാച്ഛാദനം ചെയ്തതോടെ വിവാദങ്ങളും ഉയർന്നിരുന്നു. ഈ പതാക മറ്റു പല പ്രശസ്ത പതാകകളിൽ നിന്നും മുദ്രകളിൽ നിന്നും പകർത്തിയത് എന്നാണ് വിവാദം ഉയരുന്നത്. ‘കൊടുങ്കാറ്റിനു മുമ്പുള്ള നിശബ്ദത പോലെ, പതാകയ്ക്ക് പിന്നിൽ രസകരമായ ഒരു ചരിത്ര പരാമർശമുണ്ട്’ എന്നും ഈ വിശദാംശങ്ങൾ പാർട്ടിയുടെ സെപ്റ്റംബറിൽ ചേരുന്ന പാർട്ടി സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും വിജയ് പറഞ്ഞു.
സ്പെയിനിന്റെ ദേശീയപതാക അതേപടി പകർത്തിയതാണെന്നും ഇതു സ്പെയിൻ ജനതയുടെ വികാരങ്ങളെ അവഹേളിക്കുന്നതാണെന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ആരോപിച്ച് സാമൂഹിക പ്രവർത്തകനായ സെൽവം ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി.
പതാകയിൽ ആനയെ ഉപയോഗിച്ചതിനെതിരെ ബിഎസ്പി രംഗത്തു വന്നിരുന്നു. അതിനിടെ, കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവുമായി സാമ്യമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രമുഖ ബ്രാൻഡായ ഫെവികോൾ, മറ്റൊരു പ്ലൈവുഡ് കമ്പനി എന്നിവയുടെ ലോഗോയുമായി സാമ്യമുണ്ടെന്നും പലരും പരിഹസിച്ചു. പതാകയിലെ പുഷ്പം വാകപ്പൂവ് അല്ലെന്നും വിമർശനമുണ്ട്. സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ വിമർശനം ശക്തമായതോടെ വിഷയത്തിൽ പ്രതികരണവുമായി ടിവികെ രംഗത്തെത്തി.
പതാകയിലെ ആന വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടാൽ പ്രതികരിക്കാൻ തയാറാണെന്നും പാർട്ടിക്ക് സ്വന്തം പതാക രൂപകൽപന ചെയ്യാനുള്ള അവകാശമുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.
content highlight: vijay-party-election-commission-approval