കുമയൂണിലെ ജാഗേശ്വറിലേക്കുള്ള റോഡിൻ്റെ ഇരുവശവും, പൈൻ, ദേവദാരു, ഓക്ക്, റോഡോഡെൻഡ്രോൺ മരങ്ങൾ നിറഞ്ഞ വനമാണ്. കുന്നുകളും , താഴ്വരയും , അരുവികളും, ചെറിയ വെള്ളച്ചാട്ടങ്ങളും, നിറഞ്ഞ ഭൂപ്രകൃതി യാത്രികർക്ക് നല്ലൊരു ദൃശ്യ വിരുന്നാണ് സമ്മാനിക്കുന്നത്. ദാണ്ഡേശ്വർ ക്ഷേത്രം, ആർക്കിയോളജി മ്യൂസിയം എന്നിവ കഴിഞ്ഞ് റോഡിൽ നിന്നും കുറച്ച് താഴെയായാണ് ഈ ക്ഷേത്രങ്ങൾ. കുറ്റൻ ദേവദാരു മരങ്ങൾ നിറഞ്ഞ വനത്തിനും, ക്ഷേത്രത്തിനും, ഇടയി ലായി ജഡഗംഗ നദി പ്രത്യേകമായ കാഴ്ച തന്നെയാണ്. വനമേഖലയിൽ നിന്നും ചെറിയ ചെറിയ അരുവി കൾ ജഡ ഗംഗയിലേക്ക് ഒഴുകിയിറങ്ങുന്നത് പ്രത്യേക ഭംഗി തന്നെയാണ് . ഏഴാം നൂറ്റാണ്ടിനും, 14-ാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ട ചെറുതും വലുതുമായ 125 പുരാതന ക്ഷേത്രങ്ങളുടെ സമുച്ഛയ മാണ് അൽമോറ ക്കടുത്തുള്ള ജാഗേശ്വർ വാലി ക്ഷേത്രങ്ങൾ എന്ന് പറയപ്പെടുന്നത്. പരമശിവൻ്റെ 12 ജ്യോതിർ ലിംഗ ക്ഷേത്രങ്ങളിൽ ഉൾപ്പെട്ടതാണ് ഈ ജാഗേശ്വർ നാഗേശ്വർ മഹാദേവ ക്ഷേത്രം.
കൈലാസത്തിലേക്കുള്ള പരമ്പരാഗത പാത കടന്നു പോകുന്നത് ജാഗേശ്വർ വഴി കൂടിയാണ്. ആദിശങ്കരാചാര്യ സ്വാമികൾ ഇവിടെയെത്തി ദർശനക്രമങ്ങൾ ചിട്ടപ്പെടുത്തിയതായി ആണ് പറയുന്നത്. പുരാതന ശിലാലിഖിതങ്ങൾ പലതും പുരാവസ്തു വകുപ്പ് ഏറ്റെടുത്തതായി കാണാൻ സാധിക്കും. പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന, ഈ ക്ഷേത്രങ്ങളിൽ ഏറ്റവും വലുത് ജാഗേശ്വർ നാഗേശ്വർ മഹാദേവൻ്റെയും , മ്യുത്യുജ്ഞയ മഹാദേവൻ്റെയുമാണ്. അഖണ്ഡ ഹോമപ്പുരയിൽ നിന്നും ,ദേവദാരു വിൻ്റെയും, നെയ്യിൻ്റെയും സുഗന്ധം പുകയായി ക്ഷേത്ര പരിസരത്ത് നിറഞ്ഞു നിൽക്കുന്നത് ഒരു പ്രത്യേക അനുഭൂതി തന്നെയാണ് നൽകുന്നത്. ഭൂരിഭാഗം ശ്രീകോവിലുകളിലും വിഗ്രഹമില്ല എന്ന് ഒരു പ്രത്യേകത കൂടി ഇവിടെയുണ്ട്. പല വിഗ്രഹങ്ങളും ആർക്കിയോളജി വകുപ്പിൻ്റെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ക്ഷേത്രങ്ങൾ ആർക്കിയോളജി വകുപ്പിൻ്റ നിയന്ത്രണത്തി ലാണ്. ക്ഷേത്രമതിൽക്കകത്തുള്ള 1000 വർഷം പഴക്കമുള്ള കൂറ്റൻ ദേവദാരു വൃക്ഷമാണ് ഏറ്റവു വലിയ ആകർഷണം. ചുറ്റും തറ കെട്ടി അത് സംരക്ഷിച്ചിരിക്കുന്നു.
ഈ കുറ്റൻ വൃക്ഷം അർദ്ധനാരീശ്വര വൃക്ഷം എന്നാണറിയപ്പെടുന്നത്. ചുവട്ടിൽ ഒന്നാണെങ്കിലും, 20 അടിയോളം കഴിഞ്ഞ് ഒരു പോലെ രണ്ട് ശിഖരമായി വളർന്നുനില്ക്കുന്നത് അത്ഭുതകരമായ ഒരു കാഴ്ചയാണ്. കരിങ്കല്ല് കൊണ്ട് നാലു സൈഡും പടവുകൾ കെട്ടിയ താമരക്കുളവും ഇതിനടുത്തായി കാണാൻ സാധിക്കും. ജഡ ഗംഗക്കു മുകളിലെ ചെറിയ നടപ്പാലത്തിലൂടെ ഒരു കുന്നിൻ മുകളിലേക്ക് കയറിയാൽ കുബേർ ക്ഷേത്രത്തിലെത്താൻ സാധിക്കും. വേറെ രണ്ട് മൂന്ന് ക്ഷേത്രങ്ങൾ കൂടി അവിടെ കാണാൻ സാധിക്കും.
Story Highlights ; Jagadhweshar mahadheva temple