Thiruvananthapuram

‘കുറ്റകരമായ അനാസ്ഥ, ബോധപൂർവമായ വീഴ്ച’; തലസ്ഥാനത്ത് തുടരുന്ന ജിലവിതരണ മുടക്കത്തിൽ വിമർശനവുമായി വികെ പ്രശാന്ത്

തിരുവനന്തപുരം: തലസ്ഥാനനഗരത്തില്‍ നാലുദിവസമായി തുടരുന്ന ജിലവിതരണ മുടക്കത്തില്‍ ജല അതോറിറ്റിയെ വിമര്‍ശിച്ച് സി.പി.എം. എം.എല്‍.എയും കോര്‍പ്പറേഷന്‍ മുന്‍ മേയറുമായ വി.കെ. പ്രശാന്ത്. ജല അതോറിറ്റിക്ക്‌ വീഴ്ചയുണ്ടായെന്ന് കഴക്കൂട്ടം എം.എല്‍.എ. കുറ്റപ്പെടുത്തി. മുന്‍ധാരണയില്ലാതെയാണ് അതോറിറ്റി കാര്യങ്ങള്‍ കൈകാര്യംചെയ്തതെന്നും പ്രശാന്ത് ആരോപിച്ചു.

കുറ്റകരമായ അനാസ്ഥയാണിതെന്ന് എംഎൽഎ രൂക്ഷവിമർശനമുന്നയിച്ചു. ഒരു സ്ഥലത്ത് പണി നടക്കുന്നത് കാരണം മുഴുവൻ ജലവിതരണവും മുടങ്ങുന്നത് എങ്ങനെയാണെന്നും എംഎൽഎ ചോദിച്ചു. കുറ്റക്കാരായ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ഇതുവരേയും നഗരത്തില്‍ ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. വാട്ടര്‍ അതോറിറ്റി മുന്‍കൂര്‍ ധാരണയില്ലാതെ കൈകാര്യംചെയ്തുവെന്ന് മന്ത്രി വിളിച്ച യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. നേമത്ത് നടക്കുന്ന പ്രവൃത്തിക്ക് നഗരമാകെ വെള്ളം കിട്ടാത്ത അവസ്ഥ എങ്ങനെ വന്നുവെന്നത് പരിശോധിക്കണം. യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇങ്ങനെയൊരു സ്ഥിതി എങ്ങനെയുണ്ടായെന്ന് മന്ത്രി പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. മന്ത്രിക്ക് പരാതി നല്‍കും. വാട്ടര്‍ അതോറിറ്റിക്ക് വീഴ്ചയുണ്ടായി. 48 മണിക്കൂറില്‍ തീരേണ്ടപണി നീണ്ടുപോയി. ബദല്‍മാര്‍ഗം ഏര്‍പ്പെടുത്തുന്നതില്‍ കുറ്റകരമായ അനാസ്ഥയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരമൊരു സാഹചര്യത്തിലേക്ക് നഗരത്തെ തള്ളിവിടേണ്ട ഒരുകാര്യവുമില്ല. ബോധപൂര്‍വമായ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി സംശയിക്കുന്നു. ഏകോപനക്കുറവ് ഉണ്ടായി. എന്നാല്‍, നഗരസഭയ്ക്ക് കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്നും അതിനാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തലസ്ഥാന നഗരത്തിൽ നാല് ദിവസം കുടിവെള്ളം മുട്ടിച്ച പൈപ്പ് മാറ്റിയിടൽ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഏഴ് മണിയോടെ പമ്പിംഗ് തുടങ്ങാനാകുമെന്നും താഴ്ന്ന പ്രദേശങ്ങളിൽ രാത്രിയോടെ വെള്ളം കിട്ടി തുടങ്ങുമെന്നുമാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്.

തിരുവനന്തപുരം കന്യാകുമാരി റെയിൽവെ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്. നാൽപ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. തിരുവനന്തപുരം നഗരസഭയിലെ നാൽപ്പത്തിനാല് വാര്‍ഡുകളിൽ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയില്ല. കനത്ത പ്രതിഷേധങ്ങൾക്കിടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാൽവിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെ അനിശ്ചിതത്വം കനത്തു.

Latest News