ഡൽഹി: മുൻ ഗുസ്തിതാരവും കോൺഗ്രസ് നേതാവുമായ ബജ്‍രംഗ് പുനിയക്ക് വധഭീഷണി. വിദേശ നമ്പറിൽ നിന്നാണ് വാട്സ് ആപ്പ് ഭീഷണി സന്ദേശം എത്തിയത്. കോൺഗ്രസ് വിട്ടില്ലെങ്കിൽ കൊല്ലും എന്നാണ് ഭീഷണി സന്ദേശം. ബജ്‍രംഗ് പുനിയ പൊലീസിൽ പരാതി നൽകി.
വെള്ളിയാഴ്ചയാണ് ഗുസ്തി താരമായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. അംഗത്വമെടുത്തതിന് പിന്നാലെ പുനിയയെ അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ വർക്കിങ് ചെയർമാനായി നിയമിച്ചിരുന്നു.
ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയോടൊപ്പമാണ് ഇരുവരും എത്തിയത്. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളും ചടങ്ങിന് എത്തിയിരുന്നു. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമെന്ന് ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേര പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇരുവരെയും കോണ്‍ഗ്രസിന്‍റെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് മറ്റു നേതാക്കളും ഇരുവരെയും സ്വീകരിച്ചു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതിൽ അഭിമാനമുണ്ടെന്നും തെരുവിൽ നിന്ന് നിയമസഭ വരെ പോരാടാൻ തയ്യാറാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
ഒളിംപിക്സിൽ പങ്കെടുത്ത് തിരിച്ചെത്തിയശേഷം വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന ആഗ്രഹം അടുപ്പമുള്ളവരോട് വിനേഷ് പങ്കു വച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തില്‍ കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ട് പങ്കെടുത്തതും ചര്‍ച്ചയായിരുന്നു. അതേസമയം ഹരിയാനയില്‍ സീറ്റ് വിഭജനത്തില്‍ ആംദ്മി പാര്‍ട്ടിയുമായുള്ള ചര്‍ച്ച കോണ്‍ഗ്രസ് തുടരുകയാണ്.