Kerala

നിർമാണം അനധിക‍ൃതം, കെട്ടിടത്തിനായി സുജിത് ദാസ് പണപ്പിരിവ് നടത്തി: പി വി അൻവർ

മലപ്പുറം: സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ കെട്ടിടം നിർമ്മിച്ചത് സ‍ർക്കാരിൻറെ യാതൊരു അനുമതിയും ഇല്ലാതെയാണെന്ന് പി വി അൻവർ എംഎൽഎ. പൊലീസിലെ തന്നെ ചിലരാണ് തനിക്ക് വിവരം നൽകിയതെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലും കെട്ടിടം നിർമ്മിക്കാത്തത് നാടിന്റെ ഭാഗ്യമെന്നും കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തിയശേഷം പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം എഡിജിപിയുടെ ശിക്ഷ്യനായി കൊള്ളയ്ക്കും കൊലയ്ക്കും തട്ടിപ്പിനും കൂട്ടുനിന്നതിന്റെ സ്മാരകമായി പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് നില്‍ക്കുകയാണെന്ന് അന്‍വര്‍ വിമര്‍ശിച്ചു. എന്തുകൊണ്ട് പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്ന് അന്‍വര്‍ ചോദിച്ചു.

കോട്ടക്കലിലെ വ്യാപാരികളിൽ നിന്നും മറ്റുമായി നാടുനീളെ പണപ്പിരിവ് നടത്തി നിർമിച്ച കെട്ടിടമാണ്. ഇന്നലത്തെ മൊഴിയെടുപ്പിൽ കൃത്യമായി വിവരങ്ങൾ നൽകിയിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ഫലകത്തിൽ എവിടെ നിന്നും പണം ലഭിച്ചു എന്നത് എഴുതിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ ഡിജിപിയുടെ കള്ളത്തരങ്ങൾക്ക് കൂട്ടുനിന്ന് നിർമിച്ച കെട്ടിടമാണ്. സുജിത് ദാസിന്റെ മാഗ്‌നറ്റിക് പവർ ഇപ്പോഴും എയർ പോർട്ടിൽ നിന്നും മാറിയിട്ടില്ല. ഒരു ക്രിമിനൽ സംഘം ആകെ വലിഞ്ഞു മുറുക്കുകയാണ്. എങ്ങനെയും പണം ഉണ്ടാക്കണമെന്നാണ് അവരുടെ ലക്ഷ്യം. തോക്ക് ലൈസൻസിനുള്ള നടപടികൾ തുടരുകയാണെന്നും ഉടൻ ലഭിക്കുമെന്നും പറഞ്ഞ അൻവ‍ർ ഭയം ഉണ്ടായിട്ടല്ല തോക്ക് ലൈസൻസിന് അപേക്ഷിച്ചതെന്നും വ്യക്തമാക്കി.

കോട്ടക്കൽ പൊലീസ് സ്റ്റേഷന്റെ കെട്ടിടത്തിന് കോട്ടക്കൽ നഗരസഭ ഇതുവരെ നിർമ്മാണ അനുമതി നൽകിയിട്ടില്ല. ഇന്നലെയാണ് അന്‍വര്‍ സുജിത് ദാസ് പണം പിരിച്ചെന്ന ആരോപണം ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ എംഎല്‍എ എത്തിയത്. കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിര്‍മ്മിച്ച കെട്ടിടം സന്ദര്‍ശിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് അന്‍വര്‍ എത്തിയത്.

അതേസമയം, പത്തനംതിട്ട ജില്ലാ മേധാവിയായിരുന്ന സുജിത് ദാസ് സസ്‌പെന്‍ഷനിലാണ്. പി വി അന്‍വറുമായുള്ള ഫോണ്‍വിളിയെ തുടര്‍ന്നാണ് നടപടി. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതരമായ ചട്ടലംഘനാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.