തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം വൈകുന്നു. അവസാനഘട്ടത്തിൽ പൈപ്പുകളുടെ അലൈൻമെന്റ് തെറ്റി. ഇതോടെ പമ്പിങ് തുടങ്ങാൻ ഇനിയും വൈകും. പമ്പിങ് തുടങ്ങിയാലും ജലവിതരണം പൂർണതോതിലാകാൻ മണിക്കൂറുകളെടുക്കും. വൈകിട്ട് നാല് മണിക്ക് കുടിവെള്ളം വിതരണം ആരംഭിക്കുമെന്ന മന്ത്രിമാരുടെ ഉറപ്പ് പാഴായി. നാലുദിവസമായി പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ജനം പൊറുതിമുട്ടുകയാണ്.
ശനിയാഴ്ച രാത്രി നഗരത്തില്‍ പമ്പിംഗ് തുടങ്ങിയെങ്കിലും ചിലയിടങ്ങളില്‍ പൈപ്പിൽ ലീക്ക് കണ്ടെത്തിയതിനാല്‍ തുടരാനായിരുന്നില്ല. തകരാര്‍ പരിഹരിച്ചതിന് ശേഷം പമ്പിംഗ് പൂര്‍ണ തോതില്‍ തുടങ്ങുമെന്നാണ് വാട്ടര്‍ അഥോറിറ്റി അറിയിക്കുന്നത്. 44 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിര്‍ത്തിവച്ചിരുന്നത്. പൂര്‍ണമായും പമ്പിംഗ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളില്‍ ടാങ്കറുകളില്‍ ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചു.
എന്നാൽ ടാങ്കറുവഴി ആവശ്യത്തിന് വെള്ളം കിട്ടുന്നില്ലെന്ന് നഗരവാസികൾ പറയുന്നു. കുടിവെള്ളം മുടങ്ങിയതിനെ വിമർശിച്ച് വി.കെ.പ്രശാന്ത് എംഎൽഎ ഉൾപ്പടെയുള്ളവർ രംഗത്ത് എത്തി. നഗരത്തിലെ കുടിവെള്ളം മുടങ്ങിയതിനു ഉത്തരവാദി ജല അതോറിറ്റി ആണെന്നും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും വി കെ പ്രശാന്ത് ആവശ്യപ്പെട്ടു.
അതിനിടെ, ജല അതോറിട്ടിയും സ്‌മാർട്ട്സിറ്റിയും റോഡ് ഫണ്ട് ബോർഡും പരസ്‌പരം പഴിചാരി പ്രശ്‌നം സങ്കീർണമാക്കുകയാണെന്ന് ആന്റണി രാജു എം.എൽ.എ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പൈപ്പ് ലൈനുകൾ മാറ്റുമ്പോഴും പ്ലാന്റുകളുടെ പ്രവർത്തനം നിറുത്തുമ്പോഴും സ്‌മാർട്ട്സിറ്റി പദ്ധതിയുടെ നിർമ്മാണത്തിന്റെ പേരിലും ജലവിതരണം നിറുത്തുമ്പോഴും ബദൽ സംവിധാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു റെയിൽവേ ട്രാക്കിനു അടിയിൽ കൂടി പോകുന്ന 500 എംഎം 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിന് വേണ്ടിയാണ് പമ്പിങ് നിർത്തി വച്ചത്. സിഎടി റോഡിലും കുഞ്ചാലുമൂട്ടിലും ശുദ്ധജല വിതരണ പൈപ്പിന്റെ അലൈൻമെന്റ് മാറ്റുന്ന പ്രവർത്തി ഇന്നലെ ഉച്ചയോടെ പൂർത്തിയാക്കി. പമ്പിങ് പുനരാരംഭിച്ചപ്പോൾ ചോർച്ച കണ്ടതിനെ തുടർന്ന് ആണ് ലൈനിൽ വീണ്ടും അറ്റകുറ്റ പണി നടത്തിയത്. സാങ്കേതികമായ തടസ്സങ്ങൾ മൂലമാണ് വൈകലെന്നും 40 മണിക്കൂറോളം അധികമായി ചിലവഴിക്കേണ്ടി വനനതിനാലാണ് രണ്ടു ദിവസം അധികം കുടിവെള്ളം മുടങ്ങിയതെന്നുമാണ് മന്ത്രി റോഷി അഗസ്റ്റിന്റെ വിശദീകരണം.