ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരാളിലെ എം പോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ ആർഎംഎൽ, സഫ്ദർജംഗ്,ലേഡി ഹാർഡിങ് മുതലായ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പ്രധാന അതിർത്തി ചെക്ക് പോസ്റ്റുകളിലും ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കി. രോഗനിർണ്ണയത്തിന്റെ ഭാഗമായി രാജ്യത്താകമാനം 32 ലാബുകളും തുടങ്ങിയിട്ടുണ്ട്. രോഗലക്ഷണങ്ങളെ കുറിച്ച് കൃത്യമായ അവബോധം ആരോഗ്യപ്രവർത്തകർക്ക് നൽകാനായുള്ള നടപടികളും ഇതിനകം കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് രാജ്യത്ത് ഒരാളില്‍ എംപോക്സ് സംശയിക്കുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. രോഗിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല. എല്ലാ സജ്ജീകരണങ്ങളുമുള്ള ആശുപത്രിയിൽ രോഗി നിരീക്ഷണത്തിലാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ ക്രമീകരണങ്ങളും രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.