തിരുവനന്തപുരം: തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചെന്ന് മേയർ ആര്യ രാജേന്ദ്രൻ. പമ്പിങ് പുനരാരംഭിച്ചെന്ന് മേയർ അറിയിച്ചു. നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ ഉടൻ വെള്ളമെത്തും. പൂർണ്ണ തോതിൽ നഗരപ്രദേശങ്ങളിൽ വെള്ളം എത്താൻ രണ്ടുമണിക്കൂർ സമയമെടുക്കും.വാട്ടർ അതോറിറ്റി പ്രതീക്ഷിച്ച സമയത്ത് പണിപൂർത്തിയാക്കാനായില്ല. പ്രശ്നം പരിഹരിക്കാൻ എല്ലാവരും ഒന്നിച്ചു നിന്നുവെന്ന് മേയർ പറഞ്ഞു.
ജനങ്ങൾക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടായതായി മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ 40 വാഹനങ്ങളിൽ ഇപ്പോൾ വെള്ളമെത്തിക്കുന്നുണ്ട്. പത്ത് വാഹനങ്ങൾ കൊച്ചിയിൽ നിന്നും എത്തിക്കും. മാധ്യമങ്ങൾ ജനങ്ങളുടെ പരാതി അറിയിക്കാൻ നല്ല ശ്രമം നടത്തി. അവസാന പരാതി പരിഹരിക്കുന്നത് വരെ ടാങ്കറിൽ ജലവിതരണം നടത്തും.
ജലഅതോറിറ്റി ഉദ്യോഗസ്ഥർക്ക് മേയർ നന്ദി അറിയിച്ചു. നഗരസഭയുടെ അനുവാദത്തോടെ മാത്രമേ ഇത്തരം പ്രവർത്തികൾ ഇനി നടത്താവൂ എന്ന ധാരണയായിട്ടുണ്ട്. പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.
നഗരസഭയുടെ അനുവാദത്തോടുകൂടി മാത്രമേ ഇനി വാട്ടർ അതോറിറ്റി വലിയ പ്രവർത്തികൾ നടത്താവൂ എന്ന് നിർദേശം നൽകിയതായി മേയർ പറഞ്ഞു. ഇതിൽ ഔദ്യോഗിക തീരുമാനം ഉണ്ടായതായി മേയർ അറിയിച്ചു. വിഷയം ഉണ്ടാകാൻ ഇടയായ സാഹചര്യം പരിശോധിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. 48 മണിക്കൂറിൽ പണി പൂർത്തീകരിക്കാൻ ആയില്ല എന്ന് മാത്രമല്ല അതിനെന്ത് സംവിധാനങ്ങൾ ഒരുക്കിയെന്നത് പ്രധാനമാണെന്നും ആര്യ പറഞ്ഞു.
തിരുവനന്തപുരം-നാഗർകോവിൽ റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടാണ് കുടിവെള്ള വിതരണം തടസപ്പെട്ടത്. കുടിവെള്ള പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരം കോർപേറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതിക വകുപ്പിന് കീഴിലുള്ള കോളജുകളിൽ നാളെ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്.