ഇറ്റലിയിലെ ടസ്കാനിയിലെ വാഗ്ലിയയിലുള്ള പ്രാറ്റോലിനോ വില്ലയുടെ മുറ്റത്ത് ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ഒരു കൂറ്റന്‍ പ്രതിമയുണ്ട്. മുപ്പതു മീറ്ററോളം ഉയരത്തില്‍, തടാകത്തിന്‍റെ തീരത്ത് കുനിഞ്ഞിരിക്കുന്ന ഒരു ഭീമാകാരനായ ഒരു മനുഷ്യന്‍റെ രൂപമാണത്. 1500- കളുടെ അവസാനത്തിൽ പ്രശസ്ത ഇറ്റാലിയൻ ശിൽപിയായ ജിയാംബോലോഗ്ന സ്ഥാപിച്ച ഈ ശില്‍പം, ടസ്കാനിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഇറ്റലിയുടെ പ്രധാന ഭാഗമായ അപെനൈൻ പർവതനിരകളുടെ മനുഷ്യരൂപമായാണ് ഈ പ്രതിമ നിര്‍മിച്ചത്. അതുകൊണ്ടുതന്നെ പകുതി മനുഷ്യനും പകുതി പര്‍വതവുമാണ് ഈ രൂപം. കല്ലും പ്ലാസ്റ്ററും കൊണ്ട് പണിതീർത്ത പ്രതിമയ്ക്ക് അപെനൈൻ കൊളോസസ് എന്നാണ് പേര്.
പ്രാറ്റോലിനോയുടെയും പരിസരപ്രദേശങ്ങളുടെയും ജലസ്രോതസ്സാണ് അപെനൈൻ പര്‍വതനിരകളില്‍ നിന്നൊഴുകിയെത്തുന്ന നീരുറവകള്‍.
ഇടതുകൈ കൊണ്ട് ഒരു രാക്ഷസന്‍റെ തല ഞെരുക്കുന്ന അപെനൈനാണ് പ്രതിമയുടെ പ്രമേയം. രാക്ഷസന്‍റെ തുറന്ന വായിലൂടെ വെള്ളം പ്രതിമയുടെ മുന്നിലുള്ള കുളത്തിലേക്ക് ഒഴുകുന്നു. മുടിയും താടിയും സ്റ്റാലാക്റ്റൈറ്റുകളാണ്. മഞ്ഞുകാലമാകുമ്പോള്‍ പ്രതിമ മുഴുവന്‍ മഞ്ഞുകൊണ്ട് മൂടും. പുറമേ മാത്രമല്ല, ഈ പ്രതിമയുടെ ഉള്ളിലുമുണ്ട് കൗതുകം പകരുന്ന കാഴ്ചകള്‍. മൂന്ന് നിലകളിലായി നിരവധി അറകളും ഗുഹകളും ഇതിനുള്ളിലുണ്ട്. 1586-ൽ ഇറ്റാലിയൻ ചിത്രകാരനായ ജാക്കോപോ ലിഗോസി, ടസ്കാനിയിലെ മെഡിറ്ററേനിയൻ തീരത്ത് നിന്നുള്ള ഗ്രാമങ്ങളുടെ ഫ്രെസ്കോകൾ കൊണ്ട് അലങ്കരിച്ച ഒരു ഗുഹയാണ് ഏറ്റവും താഴത്തെ നിലയിൽ. മുകളിലത്തെ നിലയിൽ വലിയ ഒരു അറയുണ്ട്. ഇവിടെ ഒരു അടുപ്പുണ്ട്, തീ കത്തിക്കുമ്പോള്‍ പ്രതിമയുടെ മൂക്കിലൂടെ പുക പുറത്തേക്ക് വരും.
ഗ്രീക്ക് ദേവതയായ തെറ്റിസിന് സമർപ്പിച്ചിരിക്കുന്ന അഷ്ടഭുജാകൃതിയിലുള്ള ഒരു ജലധാരയുമുണ്ട് പ്രതിമയില്‍. ഫ്ലോറൻസിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ വടക്കായി അപെനൈൻ പർവതനിരയുടെ അടിവാരത്തിലാണ് പ്രാറ്റോലിനോ സ്ഥിതി ചെയ്യുന്നത്. അതിൽ പ്രാറ്റോ ഡെൽ അപ്പെന്നിനോ എന്ന പേരില്‍ ചതുരാകൃതിയിലുള്ള ഒരു ചെറിയ മൈതാനവും- കൊളോസസിന് മുന്നിലായി കാണാം. ടസ്കാനിയിലെ ഫ്രാൻസെസ്കോ ഡി മെഡിസി പ്രഭു, തന്‍റെ വെനീഷ്യൻ കാമുകിയായിരുന്ന ബിയാങ്ക കാപ്പല്ലോയെ പ്രീതിപ്പെടുത്തുന്നതിനായി നിര്‍മിച്ചതാണ് വില്ല ഡി പ്രാറ്റോലിനോ. 1569 മുതൽ 1581 വരെയുള്ള കാലഘട്ടത്തിലാണ് ഇതിന്‍റെ നിര്‍മാണം പൂര്‍ത്തിയായത്.
1587ൽ ഫ്രാൻസെസ്‌കോ ഡി മെഡിസിയുടെയും തുടര്‍ന്ന് ബിയാങ്കയുടെയും മരണശേഷം, വില്ലയും പരിസരവും ജീർണിക്കാന്‍ തുടങ്ങി. 1822ൽ വില്ല ഡി പ്രാറ്റോലിനോ പൂര്‍ണമായും തകർക്കപ്പെട്ടു. പിന്നീട്, 1872ൽ, ടസ്കനിയിലെ ഗ്രാൻഡ് ഡ്യൂക്ക് ആയിരുന്ന ലിയോപോൾഡ് രണ്ടാമൻ, ഡെമിഡോഫ് കുടുംബത്തിന് സ്ഥലം വിറ്റു. അവള്‍ ഇവിടെ വില്ല ഡെമിഡോഫ് എന്ന പേരില്‍ സ്വന്തം വില്ല നിര്‍മിച്ചു. പിന്നീട്, 1981ൽ, ഫ്ലോറൻസ് പ്രവിശ്യ വില്ല ഡെമിഡോഫ് വാങ്ങിച്ചു. അതിനുശേഷം വില്ലയും പ്രതിമയും പൊതുജനങ്ങള്‍ക്കായി തുറന്നു. ഏപ്രിൽ മുതൽ ഒക്ടോബർ അവസാനം വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെ ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാം.
STORY HIGHLLIGHTS: Giant 16th Century ‘Colossus’ Sculpture In Florence