തിരുവനന്തപുരം: നഗരത്തിൽ നാലു ദിവസമായുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതു സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരിടത്ത് പണി നടക്കുമ്പോൾ നഗരത്തിലാകെ കുടിവെള്ളം മുടങ്ങുന്നത് എങ്ങനെയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
നഗരത്തിലെ 45 വാർഡുകളിൽ കുടിവെള്ളം കിട്ടാതായിട്ട് നാല് ദിവസമായി. ഞായറാഴ്ച വൈകുന്നേരം നാലിന് പമ്പിംഗ് ആരംഭിക്കാൻ കഴിയുമെന്ന മന്ത്രിയുടെ വാക്കും പാഴായി. എപ്പോൾ പമ്പിംഗ് ആരംഭിക്കാൻ കഴിയുമെന്നതിൽ ഒരു വ്യക്തതയുമില്ല.
കുറ്റകരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളം ഒന്നിനും തികയുന്നില്ല. അതുതന്നെ പലർക്കും ലഭിക്കുന്നുമില്ല. നഗരവാസികൾ വീടുകൾ വിട്ടുപോകേണ്ട അവസ്ഥയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.
ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. കുടിവെള്ള പ്രതിസന്ധിയുണ്ടാകാനിടായി സംഭവത്തെ ഗൗരവമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു. ബദൽ മാർഗങ്ങൾ ഉണ്ടാക്കുന്നതിൽ കോർപ്പറേഷനും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.