India

മണിപ്പൂർ കലാപം; സുരക്ഷ ശക്തമാക്കി, നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. ഇം​ഫാ​ൽ താ​ഴ്വ​ര​യു​ടെ അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കാ​ൻ അ​സം റൈ​ഫി​ൾ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​വി​ധാ​ന​ങ്ങ​ൾ വി​ന്യ​സി​ച്ചു. സി.​ആ​ർ.​പി.​എ​ഫാ​ണ് സം​സ്ഥാ​ന പൊ​ലീ​സി​ന് ഡ്രോ​ൺ പ്ര​തി​രോ​ധ സം​വി​ധാ​നം ന​ൽ​കി​യ​ത്.

നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സ്പീക്കർ, ക്യാബിനറ്റ് മന്ത്രിമാർ, ബിജെപി എംഎൽഎമാർ എന്നിവർക്കൊപ്പം ഞായറാഴ്ച ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയെ കണ്ട് നിലവിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. തൻ്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് ബിരേൻ സിംഗ് ഭീഷണിപ്പെടുത്തിയതായും ഊഹാപോഹങ്ങളുണ്ട്.

അതേസമയം, ജിരിബാം ജില്ലയിൽ നിരോധനാജ്ഞ തുടരും. മണിപ്പൂരിൽ ഒരാഴ്ചയ്ക്കിടെ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് ജിരിബാം ജില്ലയിൽ കുക്കി, മെയ്‌തേയ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ആറ് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

പ്രദേശത്ത് ഡ്രോൺ, റോക്കറ്റ് ആക്രമങ്ങൾ രൂക്ഷമായിരിക്കുകയാണ്. വെള്ളിയാഴ്ച മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ ബിഷ്ണുപുരിലെ വീടിനുനേരെയുണ്ടായ റോക്കറ്റാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെയാണ് ജിരിബാം സംഘർഷഭരിതമായത്.