ജറൂസലം: ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും അടക്കമാണ് കൊല്ലപ്പെട്ടത്. കമൽ അദ്വാൻ ആശുപത്രിയുടെ സമീപം അൽ അലാമിയിലെ ഫലസ്തീനികൾ അഭയം തേടിയ സ്കൂളിന് നേരെ ഞായറാഴ്ച പുലർച്ചയായിരുന്നു ആക്രമണം.
സിവിൽ ഡിഫൻസ് ഉത്തര ഗസ്സ ഡയറക്ടർ മുഹമ്മദ് മോർസിയുടെ വീട് ലക്ഷ്യമിട്ടും അധിനിവേശസേന ആക്രമണം നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി വീടുകൾ തകർന്നു. മിസൈലുകൾ പതിച്ച് പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി. ആക്രമണങ്ങളെക്കുറിച്ച് സൈന്യം പ്രതികരിച്ചിട്ടില്ല.
11 മാസമായി ഗസ്സയിൽ തുടരുന്ന ഇസ്രായേൽ നരഹത്യയിൽ 40,972 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 94,761 പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.