തിരുവനന്തപുരം: പി.വി അൻവറിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി എം.ആർ അജിത്കുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സർക്കാർതന്നെ കോടതിയിൽ കേസ് ഫയൽ ചെയ്യണം. ആരോപണം തനിക്കും കുടുംബത്തിനും മാനഹാനി വരുത്തിയെന്നും കത്തിൽ പറയുന്നു.
കോടതിയിൽ കേസ് ഫയൽ ചെയ്യണം എന്നാണ് കത്തിലെ ആവശ്യം. സെഷൻസ് കോടതിയിൽ സർക്കാരിനു തന്നെ കേസ് ഫയൽ ചെയ്യാമെന്നതുൾപ്പെടെയുള്ള നിയമനടപടികളുടെ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കത്ത്. അതേസമയം, എഡിജിപിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം എഡിജിപിയുടെ മൊഴിയെടുക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് കത്ത് നൽകിയത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് നേരിട്ടോ അന്വേഷണ സംഘത്തിലെ ഐ.ജി സ്പർജൻ കുമാറോ ആയിരിക്കും മൊഴി രേഖപ്പെടുത്തുക.
അൻവറിന്‍റെ മൊഴി കഴിഞ്ഞദിവസം തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങൾക്കൊപ്പം അജിത് കുമാർ നൽകിയ പരാതിയിലും മൊഴിയെടുപ്പ് നടക്കും. അൻവറിന്‍റെ ആരോപണങ്ങൾക്ക് പിന്നിലെന്താണെന്ന് അന്വേഷിക്കണമെന്നാണ് അജിത് കുമാറിന്‍റെ പരാതി. ഇരുവരുടേയും പരാതികളിൽ പ്രാഥമിക പരിശോധന നടക്കുകയാണ്. മൊഴി രേഖപ്പെടുത്തിയ ശേഷം പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ഡിജിപി നേരിട്ട് കൈമാറാനാണ് ആലോചന.