India

രജൗരിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് സൈന്യം; രണ്ടു ഭീകരരെ വധിച്ചു

നൗഷേരയിലെ ലാം സെക്ടറില്‍ ഇന്നലെ രാത്രിയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. നൗഷേരയിലെ ലാം സെക്ടറില്‍ ഇന്നലെ രാത്രിയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.

നുഴഞ്ഞുകയറ്റ നീക്കം ശ്രദ്ധയില്‍പ്പെട്ട സൈന്യം ഉടന്‍ തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരെ വധിച്ചത്. ഇവരുടെ പക്കല്‍ നിന്നും എകെ 47 തോക്കുകള്‍, പിസ്റ്റലുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

ലാം സെക്ടര്‍ കേന്ദ്രീകരിച്ച് ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സിന് വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സൈന്യം ജാഗ്രത ശക്തമാക്കിയിരുന്നു.