കുടിവെള്ളം മുട്ടിയ അഞ്ചാം ദിവസത്തിലും വാട്ടര്‍ അതോറിട്ടിയോ നഗരസഭയോ സര്‍ക്കാരോ സത്യം പറയുന്നില്ല എന്നതാണ് കഷ്ടം. വായെടുത്തവരെല്ലാം പച്ചക്കള്ളം മാധ്യമങ്ങളിലൂടെ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ നഗരവാസികള്‍ കേട്ടതാണ്. ഇന്ന് രാവിലെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഖേദപ്രകടനവും വന്നിരിക്കുകയാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതിലാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. രാവിലെ കിടക്കപ്പായില്‍ നിന്നും ചൂടു ചായയും കുടിച്ച് ബാത്ത്‌റൂമില്‍ പോകുന്നവര്‍ രണ്ടു ബക്കറ്റ് ഖേദവും കൊണ്ട് അകത്തു കയറിയാല്‍ കാര്യം സാധിക്കാനാവുമോ മന്ത്രീ.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് നിങ്ങളെ മന്ത്രിയാക്കി ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഭരണസിരാ കേന്ദ്രമായ തലസ്ഥാനത്ത് ഇതാണ് സംഭവിക്കുന്നതെങ്കില്‍ കേരളത്തിന്റെ മറ്റിടങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. സര്‍ക്കാരിന്റെ പ്രകടനത്തിനുള്ള പ്രോഗ്രസ്‌കാര്‍ഡില്‍ ജനങ്ങള്‍ ഒപ്പിടുന്ന ഒരു സമയംവരും. അന്ന് ജനങ്ങള്‍ നിങ്ങളെ തിരിച്ച് വെള്ളം കുടിപ്പിക്കുമെന്നുറപ്പായിട്ടുണ്ട്. നഗരവാസികളോട് മുഖത്തുനോക്കി കള്ളം പറഞ്ഞ തിരുവനന്തപുരത്തെ മന്ത്രി വി.ശിവന്‍കുട്ടിയും, ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും, മേയര്‍ ആര്യാ രാജേന്ദ്രനും മനസ്സിലാക്കേണ്ട കാര്യം ഇതാണ്.
കുടിവെള്ളത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത് എന്നത്. നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ബോധ്യമാക്കിക്കഴിഞ്ഞു. നഗരത്തില്‍ എന്താണ് സംഭവിച്ചതെന്ന് വൈകി മനസ്സിലാക്കിയ വകുപ്പു മന്ത്രിയും, സംഭവം അറിഞ്ഞെത്തി കഴിഞ്ഞ ദിവസം കുടിവെള്ളം കിട്ടുമെന്ന് പ്രഖ്യാപിച്ച മന്ത്രി വി. ശിവന്‍കുട്ടിയും, ഇന്നലെ രാത്രിയോടെ വെള്ളമെത്തുമെന്ന് കള്ളം പറഞ്ഞ മേയറും അറിയാന്‍, ഒരു തുള്ളി വെള്ളം പോലും കിട്ടിയിട്ടില്ല ഇതുവരെ. മിനറല്‍ വാട്ടറില്‍ ജീവിതം കഴിച്ചു കൂട്ടുന്ന നഗരവാസികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്.
എല്ലാ കുറ്റവും വാട്ടര്‍ അതോറിട്ടിയുടേയോ റെയില്‍വേയുടേയോ തലയില്‍ കെട്ടിവെച്ചിട്ട് രക്ഷപ്പെടാമെന്ന് ഒരു ജനപ്രതിനിധിയും കരുതണ്ട്. കാരണം, ജനങ്ങളോട് മറുപടി പറയേണ്ടത് ജനപ്രതിനിധികളാണ്. അല്ലാതെ ഉദ്യോഗസ്ഥരല്ല. സര്‍ക്കാരും കോര്‍പ്പറേഷനും വകുപ്പു മന്ത്രി മന്ത്രിയുമൊന്നും അറിയാതെ ഇങ്ങനെയൊരു പ്രവൃത്തി വാട്ടര്‍ അതോറിട്ടിയിലെ ഉദ്യോഗസ്ഥര്‍ സ്വന്തമായി ചെയ്യില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത്, ജനപ്രതിനിധികളുടെ കഴിവു കേടിന്റെ ഫലമാണ്. പറഞ്ഞാല്‍ കേള്‍ക്കാത്ത വകുപ്പിന്റെ തലപ്പത്തിരിക്കുന്നതിനേക്കാള്‍ നല്ലത്, ഒഴിഞ്ഞു പോവുകയാണ്.
മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്നലെ രാത്രി മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്, താഴ്ന്ന പ്രദേശങ്ങളില്‍ ഒന്നര മണിക്കൂറിനുള്ളില്‍ വെള്ളമെത്തുമെന്നാണ്. ഉര്‍ന്ന പ്രദേശങ്ങളില്‍ മൂന്നു മണിക്കൂറും വേണ്ടിവരുമെന്നുമാണ്. എന്നാല്‍ നേരംവെളുത്ത്, ഉച്ചയോടടുക്കുമ്പോഴും വെള്ളം കിട്ടാതെ വലയുന്ന നഗരവാസികളോട് ഇനി എന്തു കള്ളമാണ് പറയാന്‍ കരുതി വെച്ചിരിക്കുന്നത്. കുട്ടികള്‍ മുതല്‍ കിടപ്പു രോഗികള്‍ വരെയുള്ള വീടുകളിലെ ദുരിതം നേരിട്ടു കാണേണ്ടതാണ്. പൂജപ്പുര, കുഞ്ചാലും മൂട്, ജഗതി, മുടവന്‍മുഗള്‍, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് (മേയര്‍ അടക്കമുള്ളവര്‍ താമസിക്കുന്ന സ്ഥലം) എന്നിവിടങ്ങളിലൊന്നും വെള്ളം എത്തിയിട്ടില്ല.
വീടുകളെല്ലാം നാറിത്തുടങ്ങി. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ എന്തു ചെയ്യുമെന്നതാണ് പ്രധാന പ്രശ്‌നം. പകരം സംവിധാനം ഒരുക്കാതെ നോക്കുകുത്തിയായി നില്‍ക്കുന്ന കോര്‍പ്പറേഷന്‍ എന്തിനാണ്. നഗരവാസികളെ കഷ്ടപ്പെടുത്താനാണോ കോര്‍പ്പറേഷന്‍ ?. കഴിഞ്ഞ നാലു ദിവസങ്ങളിലും ജനപ്രതിനിധികളുടെ നിരുത്തരവാദവും, വാട്ടര്‍ അതറിട്ടി ഉദ്യോഗസ്ഥരുടെ നിസ്സംഗതയും കണ്ടു മടുത്ത ജനങ്ങളുടെ ഉള്ളില്‍ വലിയ രോഷമാണ് കത്തുന്നത്. അതേസമയം, ആറ്റുകാല്‍, ഐരാണിമുട്ടമടക്കം പ്രദേശങ്ങളില്‍ പുലര്‍ച്ചെയോടെ വെള്ളം കിട്ടിത്തുടങ്ങിയിട്ടുണ്ട്. മിക്കയിടത്തും കൃത്യമായി ജലവിതരണം നടക്കുന്നതായി നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.
ജലവിതരണം താറുമാറായതോടെ തിരുവനന്തപുരം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഓഫീസുകളെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തില്‍ താമസിക്കുന്നവര്‍ എങ്ങനെ ഓഫീസുകളില്‍ എത്തുമെന്നു പോലും മന്ത്രിമന്ദിരങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സസുഖം വാഴുന്നവര്‍ ചിന്തിക്കുന്നില്ല. ഞായറാഴ്ച പുലര്‍ച്ചെയോടെ കുടിവെള്ളവിതരണം പുനസ്ഥാപിക്കുമെന്നായിരുന്നു ശനിയാഴ്ച നടന്ന ഉദ്യോഗസ്ഥതല യോഗശേഷം മന്ത്രി വി. ശിവന്‍കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍ ജനങ്ങള്‍ക്ക് വെള്ളം കിട്ടിയില്ല.
ഉച്ചയോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പണി നടക്കുന്ന മേഖലകളിലെത്തി പുരോഗതി വിലയിരുത്തി. വൈകിട്ട് നാലോടെ പമ്പിംഗ് ആരംഭിക്കുമെന്ന് അറിയിച്ചു. എന്നാല്‍, രണ്ടു മന്ത്രിമാരുടെയും ഉറപ്പുകള്‍ ഫലംകണ്ടില്ല. കിള്ളിപ്പാലം-ജഗതി ഭാഗത്തെ സി.ഐ.ടി റോഡില്‍ സ്ഥാപിച്ച വാല്‍വില്‍ ശനിയാഴ്ച ലീക്ക് കണ്ടെത്തിയിരുന്നു. ഇതോടെ വാല്‍വ് അഴിച്ച് വീണ്ടും സെറ്റ് ചെയ്യേണ്ടിവന്നു. ആങ്കര്‍ ബ്ലോക്ക് സ്ഥാപിക്കലും പ്രതീക്ഷിച്ച വേഗത്തില്‍ പൂര്‍ത്തിയാക്കാനായില്ല. അറ്റകുറ്റപ്പണിക്കിടെ മണ്ണിടിച്ചിലുണ്ടായതും പണി പുരോഗമിക്കുന്നതിനിടെ വാല്‍വ് ഫിക്‌സ് ചെയ്തതില്‍ പലതവണ അപാകതയുണ്ടായതും പണി നീളാനിടയായി.
തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പി.ടി.പി നഗറില്‍ നിന്ന് ഐരാണിമുട്ടം ഭാഗങ്ങളിലേക്കുള്ള 700 എം.എം ഡി.ഐ പൈപ്പ് ലൈന്‍, നേമം ഭാഗത്തേക്കുള്ള 500 എം.എം ലൈന്‍ എന്നിവയുടെ അലൈന്‍മെന്റ് മാറ്റുന്ന ജോലികളാണ് ജലവിതരണത്തിന് തടസമായത്. റെയില്‍വേ ലൈനിന്റെ അടിയിലുള്ള 700 എം.എം പൈപ്പ് മാറ്റുന്ന പണിയിലാണ് പിഴവുണ്ടായത്. ഇതാണ് ജലവിതരണം തുര്‍ന്നും തടസപ്പെടാന്‍ കാരണമായത്. പൈപ്പ് ലൈന്‍ സ്ഥാപിച്ചതിന്റെ വശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ അത് കോരി മാറ്റേണ്ടിവന്നു.
അതിനുശേഷം നട്ടുകള്‍ മുറുക്കി വാല്‍വുകള്‍ സ്ഥാപിക്കാനുള്ള കാലതാമസമാണ് ഉണ്ടായതെന്നാണ് വാട്ടര്‍ അതോറിട്ടിയുടെ വിശദീകരണം. എന്നാല്‍, ആസൂത്രണമില്ലാതെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയതാണ് ദുരിതം ഇരട്ടിയാക്കിയത്. പ്രധാന പൈപ്പ് ലൈനിലെ വാല്‍വുകള്‍ പലതും പ്രവര്‍ത്തിക്കാത്തതും പ്രതിസന്ധി കൂട്ടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എംഎല്‍എമാരുടെയും കോര്‍പറേഷന്റെയും ആവശ്യം. അടിയന്തര സാഹചര്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ജല അതോറിറ്റി പാലിച്ചില്ല.
കോര്‍പ്പറേഷനെ വിവരം പോലും അറിയിച്ചില്ല. 48 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന അറിയിപ്പോടെ പണിതുടങ്ങി. മൂന്നാം ദിനവും ജനം വലഞ്ഞതോടെയാണ് വിഷയത്തിന്റെ ഗൗരവം ജനപ്രതിനിധികള്‍ അറിയുന്നത്. അതിനാല്‍ തന്നെ പകരം സംവിധാനം ഒന്നും ഒരുക്കിയില്ല. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിനെ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയറാണ് വലിയ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ വിവരം അറിയിക്കേണ്ടത്. അതുണ്ടായില്ല. ഇനി ഇങ്ങനെ പറ്റില്ലെന്ന് കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി.
വലഞ്ഞത് നഗരത്തിലെ അഞ്ചുലക്ഷംപേര്‍
തിരുവനന്തപുരം നഗരത്തിലെ അഞ്ചു ലക്ഷത്തോളം ജനങ്ങളാണ് ദുരിതത്തില്‍ കിടന്ന് നട്ടം തിരിയുന്നത്. 4 ദിവസം ജലഅതോറിറ്റി വെള്ളം നിഷേധിച്ചിരുന്നു. ഞായറാഴ്ച രാത്രി പത്തോടെ പൈപ്പ് ശരിയാക്കി പമ്പിങ് തുടങ്ങിയിട്ടും തലസ്ഥാനത്തു പലയിടത്തും ഇനിയും വെള്ളം എത്തിയിട്ടില്ല. ജനങ്ങള്‍ വെള്ളമില്ലാതെ അലയുകയാണ്. സ്വാഭാവികമായി ഉണ്ടായ ലീക്കോ, പൈപ്പ് പൊട്ടലോ ഒന്നുമല്ലായിരുന്നു. റെയില്‍വേ വികസനത്തിന്റെ ഭാഗമായി നടത്തിയ പൈപ്പ് അലൈന്‍മെന്റ് വര്‍ക്കാണ്. ഇത് വ്യക്തമായ ധാരണയോടെ ചെയ്യേണ്ടിയിരുന്നതാണ് പക്ഷെ, ലാഘവ ബുദ്ധിയോടെയാണ് നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് വ്യക്തമാക്കുന്നതാണ് ജനങ്ങളെ കുടിവെള്ളം മുട്ടിച്ച സംഭവം. അഞ്ചുലക്ഷം പേരുടെ കുടിവെള്ളം മുട്ടിച്ചതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഉദ്യോഗസ്ഥനു മേല്‍ കെട്ടിവെയ്ക്കാനാവില്ല. ജനപ്രതിനിധികള്‍ക്കാണ് ഇതില്‍ പ്രധാന പങ്ക്.
ഇതിനു മുമ്പ് ഇങ്ങനെയൊരു കുടിവെള്ള പ്രതിസന്ധി ഉണ്ടായിട്ടില്ല
അറ്റകുറ്റപ്പണിയുടെയും നിര്‍മ്മാണങ്ങളുടെയും പേരില്‍ ദിവസങ്ങളോളം ശുദ്ധജലം മുടങ്ങുന്നത് തലസ്ഥാന നഗരത്തില്‍ പതിവാണ്. എന്നാല്‍, അതിനുള്ള പ്രതിവിധികള്‍ നഗരസഭയും ജല അതോറിട്ടിയും ചെയ്യുകയും ചെയ്യുമായിരുന്നു. എന്നാല്‍, ദിവസങ്ങളോളം തുടര്‍ച്ചയായി കുടിവെള്ളം മുട്ടിക്കുന്ന സംഭവം ഇതാദ്യമായെന്ന് നഗരവാസികള്‍ പറയുന്നു. ജലഅതോറിറ്റി വക വെള്ളത്തെ മാത്രം ആശ്രയിക്കുന്ന വീട്ടുകാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും വെള്ളമില്ലാത്ത സ്ഥിതിയിലാണ്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നഗരവാസികളുടെ ജീവിതം. ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെല്ലാം താളംതെറ്റി.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതല്‍ കോര്‍പ്പറേഷനിലെ 45 വാര്‍ഡുകളിലേക്ക് വെള്ളമെത്തുന്നില്ല. ഉപഭോക്താക്കള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന അറിയിപ്പ് അല്ലാതെ ടാങ്കറില്‍ ആവശ്യത്തിന് വെള്ളം എത്തിക്കാനോ വെള്ളം മുടങ്ങാതിരിക്കാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കാനോ ജല അതോറിറ്റി തയാറായതുമില്ല. വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ വെള്ളം ഉണ്ടാകില്ലെന്ന അറിയിപ്പിനെ തുടര്‍ന്ന് സാധാരണ ജലവിതരണം മുടങ്ങുന്നതു പോലെയാകുമെന്നാണ് ജനം കരുതിയത്. വെള്ളിയാഴ്ചയും കഴിഞ്ഞ് ശനിയാഴ്ചയായതോടെ പ്രശ്‌നം ഗുരുതരമായി. ഞാറാഴ്ച ആയതോടെ ആകെ പുകിലായി. ഇതിനു മുമ്പ് തിരുവനന്തപുരം സിറ്റിയില്‍ ഇങ്ങനെയൊരു കുടിവെള്ള പ്രശ്‌നം ഉണ്ടായിട്ടില്ല.
പ്രതികരിച്ച് എം.എല്‍.എമാരും
കുടിവെള്ള പ്രശ്‌നം പരിഹരിക്കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി വി.കെ.പ്രശാന്ത് എംഎല്‍എ. ജലവകുപ്പിനു വീഴ്ച പറ്റി. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കണം എന്നാവശ്യപ്പെട്ടു മന്ത്രി റോഷി അഗസ്റ്റിനു കത്ത് നല്‍കും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. നേമത്തു പണി നടത്താന്‍ നഗരം മുഴുവന്‍ വെള്ളംകുടി മുട്ടിക്കണോ?” വി.കെ.പ്രശാന്ത് ചോദിച്ചു. കഴിഞ്ഞ 5 ദിവസമായി തിരുവനന്തപുരം നിവാസികളെ വലയ്ക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം സര്‍ക്കാരിന്റെ അനാസ്ഥയും ജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയുമാണ് എന്ന് കെ. മുരളീധരന്‍. വിലകൂടിയ കുപ്പിവെള്ളമോ മലിനമായ സ്രോതസ്സുകളോ ആശ്രയിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥ പരിതാപകരമാണെന്നും അദേഹം ചൂണ്ടിക്കാട്ടി. നാലു ദിവസത്തിലധികമായി നഗരത്തില്‍ ശുദ്ധജലം കിട്ടാതിരുന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് ഭരണസംവിധാനത്തിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് വി.എസ്.ശിവകുമാര്‍ പറഞ്ഞു. തലസ്ഥാനവാസികളുടെ ഓര്‍യില്‍ ഇത്തരമൊരു സാഹചര്യം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. ജലവിതരണ പ്രശ്‌നത്തിനെതിരെ സത്യഗ്രഹം നടത്തുമെന്നു കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അറിയിച്ചു. പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുന്നതുവരെ 50 വാഹനങ്ങളില്‍ കോര്‍പറേഷന്‍ പരിധിയില്‍ ജലവിതരണം ഉണ്ടായിരിക്കുമെന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി.
CONTENT HIGHLIGHTS; Living in hell without bathing and watering Day 5: People will give back to those who knocked drinking water in the city