തിരുവനന്തപുരത്ത് നാല് ദിവസമായി തുടരുന്ന ജല വിതരണ പ്രശ്‌നത്തില്‍ ജല അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി കെ പ്രശാന്ത് എംഎല്‍എ. കൃത്യമായ പിഴവ് ജല അതോറിറ്റി ഉദ്യോഗസ്ഥന്മാര്‍ക്കുണ്ടായിട്ടുണ്ടെന്നും മന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജല അതോറിറ്റി നഗരസഭയ്ക്ക് കൃത്യമായ അറിയിപ്പ് നല്‍കിയില്ലെന്നും പ്രശാന്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
‘ഗുരുതരമായ ബുദ്ധിമുട്ടാണുണ്ടായത്. ഫോണ്‍ വിളിക്കുന്നവരുടെ നമ്പര്‍ കുറിച്ചെടുത്ത് ടാങ്കറുകളെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി വി ശിവന്‍ കുട്ടി നടത്തിയ യോഗത്തില്‍ കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിട്ടുണ്ട്. അനാസ്ഥ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അനാസ്ഥയ്‌ക്കെതിരെ യോഗത്തില്‍ കൃത്യമായി പറഞ്ഞു. തിരുവനന്തപുരം പോലുള്ള വലിയ നഗരത്തില്‍ ജല വിതരണത്തിന് അനുഭവസ്ഥരായ ഉദ്യോഗസ്ഥരെ വെക്കണം. കൃത്യമായ ജാഗ്രതയുണ്ടാകണമായിരുന്നു. നേമത്ത് പണി നടക്കുമ്പോള്‍ നഗരത്തില്‍ മൊത്തം വെള്ളം മുട്ടിക്കേണ്ട സാഹചര്യമില്ല. രണ്ടോ മൂന്നോ വാല്‍വുകളടച്ച് അഞ്ചോ ആറോ വാര്‍ഡുകളില്‍ മാത്രം വെള്ളം മുടങ്ങുകയുള്ളു. നഗരം മുഴുവന്‍ കുടിവെള്ളം മുടങ്ങുന്ന സാഹചര്യമെങ്ങനെയുണ്ടായിയെന്ന് പരിശോധിക്കപ്പെടണം,’ എംഎല്‍എ പറഞ്ഞു.
നഗരത്തിലെ പൈപ്പ് ലൈനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ജല അതോറിറ്റിയില്‍ ഉണ്ടൈന്നും ആ രേഖകള്‍ വെച്ച് അഞ്ചോ ആറോ വാര്‍ഡുകള്‍ വെച്ച് ഒതുക്കി കൈകാര്യം ചെയ്യേണ്ട പ്രശ്‌നത്തെ നഗരം മുഴുവന്‍ കൊണ്ടുവന്ന് ഈ നിലയിലാക്കിയതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന അറിയിപ്പ് മാധ്യമങ്ങളിലൂടെ നല്‍കിയതല്ലാതെ ജല അതോറിറ്റി സാധ്യതകള്‍ കണക്കൂകൂട്ടി മുന്‍കരുതലെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ജല അതോറിറ്റിക്ക് വാട്ടര്‍ ബില്ല് മൊബൈല്‍ ഫോണിലൂടെ നല്‍കുന്നത് പോലൊരു അറിയിപ്പ് പോലും ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചില്ല. ജല അതോറിറ്റി അറ്റകുറ്റപണിക്ക് പോകുന്നതിന് മുമ്പ് കോര്‍പ്പറേഷനുമായി യോഗം വിളിച്ചിട്ടില്ല. റെയില്‍വേയിലെ പണി നടക്കുന്നതിനാല്‍ ജല വിതരണം മുടങ്ങും എന്ന സാധാരണ അറിയിപ്പ് മാത്രമാണ് ലഭിച്ചത്. മറ്റ് സംവിധാനങ്ങള്‍ വേണമെന്ന അറിയിപ്പ് വന്നിട്ടില്ല. അത് മേയര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് ചെറിയ വീഴ്ചയല്ല. ഭാവിയില്‍ ഇതാവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകാന്‍ വേണ്ടിയാണ് ഞാന്‍ ഇത് പറയുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ അഹോരാത്രം പണിയെടുത്തുവെന്നത് ശരിയാണ്. ഈ പ്രതിസന്ധിക്ക് കാരണക്കാരായ ഉദ്യോഗസ്ഥരെ പരിശോധിക്കപ്പെടണം,’ പ്രശാന്ത് പറഞ്ഞു.